ധൂത് ട്രാൻസ്മിഷൻ കാർലിംഗുമായി സംയുക്തസംരംഭത്തിന് ധാരണ

Posted on: October 12, 2017

ഔറംഗബാദ് : ധൂത് ട്രാൻസ്മിഷൻ യുഎസിലെ കാർലിംഗ് ടെക്‌നോളജീസുമായി ഉഭയ കക്ഷി കരാറിലെത്തി. ഇലക്ട്രോ മെക്കാനിക്കൽ, ഇലക്ട്രോണിക് സ്വിച്ചുകളുടെ നിർമ്മാണത്തിനും വിൽപ്പനയ്ക്കും ഇരു കമ്പനികളും കൈകോർക്കും. ഇതിനായി ഔറംഗബാദിൽ പുതിയ സംയുക്ത സംരംഭം ആരംഭിക്കും. സംയുക്ത സംരംഭം 2018 ആദ്യ പകുതിയിൽ പ്രവർത്തനക്ഷമമാകും.

അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ വാഹന വിപണിയിലും കാർഷിക, നിർമ്മാണ ഉപകരണ രംഗത്തും ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളാണ് കമ്പനി നിർമ്മിക്കുക. കാർലിംഗ് ടെക്‌നോളജീസിന്റെ വിതരണ ശൃംഖലയുടെ സഹായത്തോടെ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.

ധൂത് ട്രാൻസ്മിഷനുമായിച്ചേർന്ന് കമ്പനിയുടെ നിർമ്മാണ വൈദഗ്ദ്യം പ്രാദേശിക വിപണിക്കനുയോജ്യമാക്കി മിതമായ വിലയ്ക്ക് ഉത്പന്നങ്ങൾ വിപണിയിലിറക്കാനും കഴിയുമെന്ന് കാർലിംഗ് ടെക്‌നോളജീസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ക്രിസ്റ്റഫർ സോറെൻസൺ പറഞ്ഞു.

വൈവിധ്യവൽക്കരണത്തിലൂടെ പുതിയ വിപണികളിലേക്ക് കടന്നു ചെല്ലാൻ ഉഭയ കക്ഷി കരാർ സഹായകമാകുമെന്ന്. ധൂത് മാനേജിംഗ് ഡയറക്ടർ രാഹുൽ ധൂത് പറഞ്ഞു.