സി ബി എസ് സ്‌കൂൾ സംസ്ഥാന കൺവൻഷൻ കൊച്ചിയിൽ

Posted on: September 22, 2017

കൊച്ചി : സി ബി എസ് ഇ സ്‌കൂൾ മാനേജ്മെൻറ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സി ബി എസ് ഇ സംസ്ഥാന കൺവൻഷൻ 23 ന് കൊച്ചിയിൽ നടക്കും. കലൂർ എ ജെ ഹാളിൽ നടക്കുന്ന കൺവൻഷൻ രാവിലെ 10 മണിയ്ക്ക് മന്ത്രി തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്യും. എം പിമാരായ പ്രഫ. കെ വി തോമസ്, റിച്ചാർഡ് ഹേ, അബ്ദുസമദ് സമദാനി എന്നിവർ സംസാരിക്കും. സംസ്ഥാനത്തെ 1400 ലേറെ സ്‌കൂളുകളിൽ നിന്ന് മാനേജർമാർ, പ്രിൻസിപ്പൽമാർ, ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. സംസ്ഥാനത്ത് സി ബി എസ് ഇ സ്‌കൂളുകൾ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും പ്രതികൂല സാഹചര്യങ്ങളെ കുറിച്ചും കൺവൻഷൻ ചർച്ച ചെയ്യും. മാനേജർമാരും പ്രിൻസിപ്പൽമാരും പങ്കെടുക്കുന്ന സംയുക്ത കൺവൻഷൻ ഇതാദ്യമായാണ് സംഘടിപ്പിക്കുന്നത്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇറക്കുന്ന പല ഉത്തരവുകളും നിർദേശങ്ങളും അപ്രായോഗികവും സ്‌കൂളുകളെ പ്രതിരോധത്തിൽ ആക്കുന്നതുമാണെന്ന് സി ബി എസ് ഇ സ്‌കൂൾ മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.ടി പി എം ഇബ്രാഹിംഖാൻ, കോർ കമ്മിറ്റി ജനറൽ കൺവീനർ കെ എം ഹാരിസ് എന്നിവർ പറഞ്ഞു. എല്ലാ സി ബി എസ് ഇ സ്‌കൂളുകളെയും പങ്കെടുപ്പിച്ചു കൊണ്ട് കലോത്സവം നടത്തുന്നതിനെ കുറിച്ചും കൺവൻഷൻ ചർച്ച ചെയ്യും. ഒരു വർഷം നീണ്ടു നിൽക്കുന്ന ജീവിത വിജയ മന്ത്രങ്ങൾ എന്ന പരിപാടി എല്ലാ സ്‌കൂളുകളിലും നടപ്പാക്കും. ഇതേ കുറിച്ചുള്ള ചർച്ചകൾക്കും കൺവൻഷൻ വേദിയാകും.

TAGS: CBSE |