ലുലു ഗ്രൂപ്പ് ഇന്തോനേഷ്യയിൽ 3,300 കോടി രൂപ മുതൽമുടക്കും

Posted on: September 7, 2017

ജക്കാർത്ത : എം എ യൂസഫലി നേതൃത്വം നൽകുന്ന ലുലു ഗ്രൂപ്പ് ഇന്തോനേഷ്യയിൽ രണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് തുറന്നു. ഇന്തോനേഷ്യൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡ് ചെയർമാൻ ഹിമവാൻ ഹരിയോഗയാണ് താങ്‌റാങിലെ ബി എസ് ഡി സിറ്റിയിൽ ആരംഭിച്ച ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് ഹൈപ്പർമാർക്കറ്റ് ഒരുക്കിയിട്ടുള്ളത്. ഇതോടെ ലുലു ഹൈപ്പർമാർക്കറ്റുകളുടെ എണ്ണം 137 ആയി.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്തോനേഷ്യയിൽ 50 കോടി ഡോളറിന്റെ (3,300 കോടി രൂപ) മുതൽമുടക്കുമെന്ന് ഉദ്ഘാടനവേളയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു. ഇതിൽ 30 കോടി ഡോളറും ആദ്യ മൂന്ന് വർഷത്തിനുള്ളിൽ മുതൽമുടക്കും. മൂന്ന് വർഷത്തിനുള്ളിൽ ഇന്തോനേഷ്യയിലെ വിവിധ നഗരങ്ങളിൽ 15 ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കും.