ഐഇഡിസി-2017 ൽ ഗൂഗിളും ഫേസ്ബുക്കും

Posted on: August 16, 2017

കൊച്ചി : കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന ഐഇഡിസി-2017 ൽ സംരംഭകത്വത്തിന്റെ പാഠങ്ങൾ പങ്കുവയ്ക്കാൻ ഗൂഗിളും ഫേസ്ബുക്കും എത്തുന്നു. വിദ്യാർഥികളുടെ 50 സംരംഭക ഉത്പന്ന മാതൃകകൾ വിലയിരുത്തലിനു വിധേയമാകുന്ന മേള ഓഗസ്റ്റ് 19 ന് അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂവായിരത്തോളം വിദ്യാർത്ഥി സാങ്കേതിക സംരംഭകർ ഐഇഡിസി-2017 ൽ പങ്കെടുക്കും.

ഗൂഗിൾ ഇന്ത്യയുടെ വൈസ്പ്രസിഡന്റും എംഡിയുമായ രാജൻ ആനന്ദനാണ് ചടങ്ങളിൽ മുഖ്യപ്രഭാഷണം നടത്തും. അതേസമയം കൊച്ചിയിലെ കംപ്യൂട്ടർ ഡെവലപ്പർമർക്കായി വിജ്ഞാന പങ്കുവയ്ക്കൽ കൂട്ടായ്മ ഫേസ് ബുക്ക് സംഘടിപ്പിക്കും. ഡിജിറ്റൽ കറൻസിയായ ബിറ്റ് കോയിൻ എയർഡ്രോപ്പ് ആദ്യമായി കേരളത്തിലെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. മേളയിൽ ഇരൂനൂറോളം ഐഇഡിസികൾ പങ്കെടുക്കുന്നുണ്ട്.

കേന്ദ്ര വാർത്താ വിനിമയ സെക്രട്ടറി അരുണ സുന്ദരരാജൻ, സംസ്ഥാന ഐടി സെക്രട്ടറി എം.ശിവശങ്കർ എന്നിവർ വിദ്യാർഥികളുമായി സംവദിക്കാനെത്തുന്നുണ്ട്. ഇതു കൂടാതെ ഓഡിയോ വീഡിയോ പ്രദർശനങ്ങൾ, സെമിനാർ, പാനൽ ചർച്ചകൾ, മെന്ററിംഗ് എന്നിവയും എക്‌സ്‌പോയുടെ ഭാഗമായി ഉണ്ടാകും.

ഓരോ ഐഇഡിസിയും നൂറുകണക്കിന് വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്നുണ്ടെന്നും സംസ്ഥാനത്തെമ്പാടുമുള്ള 193 ഐഇഡിസികൾക്ക് കേരള സ്റ്റാർട്ടപ് മിഷന്റെ സഹായമുണ്ടെന്ന് സിഇഒ ഡോ സജി ഗോപിനാഥ് പറഞ്ഞു. ഇവരുടെ സാങ്കേതിക പരിജ്ഞാനം, നേതൃപാടവം, സംംരംഭകത്വം, വിപണനസാമർത്ഥ്യം എന്നിവ വർധിപ്പിക്കുന്നതിനുള്ള സഹായം സ്റ്റാർട്ടപ് മിഷനാണ് നൽകുന്നത്. മികച്ച ആശയങ്ങളുള്ളവർക്ക് മാതൃകകൾ നിർമ്മിക്കുന്നതിനുള്ള സഹായം സംസ്ഥാനത്തെ ഫാബ് ലാബുകൾ വഴി നൽകും. ഏതാണ്ട് 200 സ്റ്റാർട്ടപ്പുകൾക്ക് ഈ ഐഇഡിസികൾ വഴിവച്ചുവെന്നത് അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു.

വൈത്തീശ്വരൻ കെ ഫെയിലിംഗ് ടു സക്‌സീഡ്, ദി സ്റ്റോറി ഓഫ് ഇന്ത്യാസ് ഫസ്റ്റ് ഇ കൊമേഴ്‌സ് കമ്പനി എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. സിഡ്‌നി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹമ്മൻസ് എന്ന സ്റ്റാർട്ടപ്പിന്റെ സഹസ്ഥാപകനും സിഇഒയുമായ സ്‌കോട്ട് ഒ ബ്രയൻ വെർച്വൽ റിയാലിറ്റിയെക്കുറിച്ച് സംസാരിക്കും. ഐസിഫോസ് ഡയറക്ടർ ഡോ.ജയശങ്കർ പ്രസാദ്, എയ്ഞ്ചൽ ഇൻവസ്റ്ററായ നാഗരാജ പ്രകാശം, മൈക്രോസോഫ്റ്റ് ഇന്ത്യയുടെ മുൻ ഡയറക്ടറും ജാക്ഫ്രൂട്ട്-365 സ്ഥാപകനുമായ ജെയിംസ് ജോസഫ്, ഡെന്റ് കെയർ ഡെന്റൽ ലാബിന്റെ സ്ഥാപകനും എംഡിയുമായ ജോൺ കുര്യാക്കോസ് എന്നിവരും സംസാരിക്കും.