കോക്പിറ്റിലെ ചില്ല് പൊട്ടി : എയർ ഇന്ത്യ വിമാനം ടെഹ്‌റാനിൽ ഇറക്കി

Posted on: August 10, 2017

മുംബൈ : യാത്രയ്ക്കിടെ കോക്പിറ്റിന് മുന്നിലെ ചില്ല് പൊട്ടിയതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി ഇറാനിലെ ടെഹ്‌റാനിൽ ഇറക്കി. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ഫ്‌ളൈറ്റിനാണ് എമർജൻസി ലാൻഡിംഗ് നടത്തേണ്ടിവന്നത്. വിമാനത്തിലുണ്ടായിരുന്ന 249 യാത്രക്കാരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.

വിമാനത്തിന്റെ ഹീറ്റിംഗ് സംവിധാനത്തിലുണ്ടായ തകരാറാണ് ചില്ലുപൊട്ടലിന് കാരണമായതെന്നാണ് പ്രാഥമികവിലയിരുത്തൽ. യാത്രക്കാരെ ഡൽഹിയിലേക്ക് കൊണ്ടുവരാൻ മുംബൈയിൽ നിന്ന് മറ്റൊരു വിമാനം അയച്ചു. എയർ ഇന്ത്യയുടെ സാങ്കേതിക വിദഗ്ധരും ടെഹ്‌റാനിലേക്ക് പോയിട്ടുണ്ട്.