ഐഒസി അഗർത്തല എൽപിജി ബോട്ടിലിംഗ് പ്ലാന്റ് 2019 ൽ തുറക്കും

Posted on: August 7, 2017

അഗർത്തല : ഇന്ത്യൻ ഓയിൽ കോർപറേഷൻ അഗർത്തലയിൽ ആരംഭിക്കുന്ന എൽപിജി ബോട്ടിലിംഗ് പ്ലാന്റിന്റെ ശിലാസ്ഥാപനം കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ നിർവഹിച്ചു. 143 കോടി രൂപ മുതൽ മുടക്കി നിർമ്മിക്കുന്ന പ്ലാന്റ് 2019 ജൂണിൽ കമ്മീഷൻ ചെയ്യും. പ്രതിവർഷം 60,000 മെട്രിക് ടൺ ആണ് പ്ലാന്റിന്റെ ശേഷി. സിൽചാർ പ്ലാന്റിന്റെ ശേഷി 60,000 മെട്രിക് ടൺ ആയി ഉയർത്തുന്നത് ഈ വർഷം ഡിസംബറിൽ പൂർത്തിയാകും. ഇതോടെ ത്രിപുരയിലെ എൽപിജി ദൗർലഭ്യത പരിഹരിക്കപ്പെടും.

ധർമ്മനഗർ ഓയിൽ ഡിപ്പോയുടെ വികസനത്തിന് 550 കോടി രൂപ മുതൽമുടക്കുമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. എൽപിജി വിതരണം സുഗമമാക്കാൻ 40 പുതിയ എൽപിജി ഡിസ്ട്രിബ്യൂട്ടർമാരെയും 40 റീട്ടെയ്ൽ ഔട്ടലെറ്റുകളും ആരംഭിക്കും. ഇതു നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ത്രിപുര ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ബാനുലാൽ സാഹ, പെട്രോളിയം-പ്രകൃതിവാതക വകുപ്പ് ജോയിന്റ് സെക്രട്ടറി (മാർക്കറ്റിംഗ്) അശുതോഷ് ജിൻഡാൽ, ഇന്ത്യൻ ഓയിൽ ഡയറക്ടർ (മാർക്കറ്റിംഗ്) ബി.എസ്. കാന്ത്, ഇന്ത്യൻ ഓയിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ (എൽപിജി) ഗുർമീത് സിംഗ്, ഇന്ത്യൻ ഓയിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ (എഒഡി, സ്റ്റേറ്റ് ഓഫീസ്) ദീപാങ്കർ റേ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.