ഇലക്ട്രിക് മൊബിലിറ്റി സൊലൂഷൻ : അശോക് ലേലാൻഡ് സൺ മൊബിലിറ്റിയുമായി ധാരണയിൽ

Posted on: July 19, 2017

കൊച്ചി : ലോകോത്തര ഇലക്ട്രിക് മൊബിലിറ്റി സൊലൂഷൻ വികസിപ്പിക്കുന്നതിനായി അശോക് ലേലാൻഡ്, സൺ മൊബിലിറ്റി കമ്പനിയുമായി ധാരണയിലെത്തി. റേവയുടെ സ്ഥാപകനായ ചേതൻ മെയ്‌നിയും സൺഗ്രൂപ്പ് വൈസ് ചെയർമാൻ ഉദയ് ഖേംകയും സംയുക്തമായി പ്രമോട്ട് ചെയ്തിരിക്കുന്ന കമ്പനിയാണ് സൺ മൊബിലിറ്റി.

ഇലക്ട്രിക് ബസ്, സിഎൻജി, ഡീസൽ എന്നിവ ഉപയോഗിച്ചുള്ള ഹൈബ്രിഡ് ബസ് ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന കമ്പനിയാണ് അശോക് ലേലാൻഡ്. പൊതുഗതാഗത്തിനു ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന സൺ മൊബിലിറ്റി സ്മാർട്ട് ബാറ്ററികളുടേയും പെട്ടെന്നു മാറ്റാവുന്ന ബാറ്ററി സ്റ്റേഷനുകളുടെ ശൃംഖലയും വികസിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു. പുനരുപയോഗ ഊർജം ഉപയോഗപ്പെടുത്തി ബാറ്ററി റീച്ചാർജ് നടത്തുന്ന സ്റ്റേഷനുകളായിരിക്കും ഇവ. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ റീചാർജ് ചെലവ് ഗണ്യമായി കുറയ്ക്കും.

സൺ മൊബിലിറ്റിയുമായുള്ള സഹകരണത്തിലൂടെ ലോകോത്തര സൊലൂഷൻ ഇന്ത്യയിൽ ലഭ്യമാക്കുമെന്ന് അശോക് ലേലാൻഡ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വിനോദ് കെ ദസരി പറഞ്ഞു.

പൊതുഗതാഗത രംഗത്ത് കാര്യക്ഷമവും മലിനീകരണരഹിതവും ചെലവു കുറഞ്ഞതുമായ ഇലക്ട്രിക് മൊബിലിറ്റി സൊലൂഷൻ ലഭ്യമാക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്ന് സൺ മൊബിലിറ്റി വൈസ് ചെയർമാൻ ചേതൻ മെയ്‌നി പറഞ്ഞു.