ജി എസ് ടിയിലേക്ക് മാറാൻ ലുലുഗ്രൂപ്പ് സജ്ജമെന്ന് എം എ യൂസഫലി

Posted on: June 30, 2017

കൊച്ചി : ചരക്കു സേവന നികുതിയിലേക്ക് മാറുന്നതിന് ലുലു ഗ്രൂപ്പ് പൂർണ സജ്ജമായതായി ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി അറിയിച്ചു. വ്യവസായിയും നിക്ഷേപ സംരംഭകനും എന്ന നിലയിൽ ജി എസ് ടിയെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. രാജ്യത്തെമ്പാടും നിലവിലുള്ള നികുതി ഘടനയെ ജി എസ് ടി ലളിതമാക്കും. പ്രായോഗിക തലത്തിലുള്ള ഇതിന്റെ നിർവഹണം തുടക്കത്തിൽ വെല്ലുവിളിയാകുമെങ്കിലും പുതിയ നികുതി വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന് ആവശ്യമായ സമയവും സേവനവും നൽകി സർക്കാർ എല്ലാ പിന്തുണയും ഉറപ്പു നൽകിയിട്ടുള്ള സാഹചര്യത്തിൽ ക്രമേണ ഇത് സുഗമമാകുമെന്ന് കരുതുന്നതായി എം. എ. യൂസഫലി പറഞ്ഞു.

ജി എസ് ടി നിലവിൽ വരുന്നതിന് മുന്നോടിയായി ഇന്നലെ കൊച്ചിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ അനുഭവപ്പെട്ട തിരക്ക്.

ലുലു മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു കണക്ട്, ലുലു ഫാഷൻ സ്റ്റോർ എന്നീ സ്ഥാപനങ്ങളിൽ ജി എസ് ടി നടപ്പാക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും ഇന്ന് പതിവു പോലെ രാവിലെ ഒമ്പത് മണിക്ക് തന്നെ പ്രവർത്തിച്ചു തുടങ്ങുമെന്നും ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം. എ. നിഷാദ് അറിയിച്ചു.