ഇക്വിറ്റി ഇന്റലിജൻസിൽ നിന്ന് പുതിയ ഓൾട്ടർനേറ്റീവ് ഫണ്ട്

Posted on: June 21, 2017

കൊച്ചി : പൊറിഞ്ചു വെളിയത്ത് നേതൃത്വം നൽകുന്ന പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്ഥാപനമായ ഇക്വിറ്റി ഇന്റലിജൻസ്, ഓൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (എഐഎഫ്) അവതരിപ്പിച്ചു. വിദേശരാജ്യങ്ങളിലെ ഹെഡ്ജ്ഫണ്ടിന് സമാനമായ മൂന്നാം കാറ്റഗറിയിലുള്ള എഐഎഫ് ആണ് അവതരിപ്പിച്ചിട്ടുള്ളത്. ഇ ക്യു ഇന്ത്യ ഫണ്ട് എന്ന പേരിലുള്ള ഈ ഫണ്ട് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തതും അല്ലാത്തതുമായ കമ്പനികളിലും ഡെറിവേറ്റീവുകളിലുമായിരിക്കും നിക്ഷേപം നടത്തുകയെന്ന് ഇക്വിറ്റി ഇന്റലിജൻസ് മാനേജിംഗ് ഡയറക്ടറും പോർട്ട്‌ഫോളിയോ മാനേജരുമായ പൊറിഞ്ചു വെളിയത്ത് പറഞ്ഞു.

ഉയർന്ന വരുമാനക്കാരായ വ്യക്തികളിൽ നിന്നുള്ള നിക്ഷേപമാണ് ഇ ക്യു ഇന്ത്യ ഫണ്ട് ലക്ഷ്യമിടുന്നത്. സെബിയുടെ മാർഗ നിർദേശങ്ങൾക്കനുസരിച്ച് എഐഎഫിലെ കുറഞ്ഞ നിക്ഷേപം ഒരു കോടി രൂപയാണ്. ഇക്വിറ്റി ഇന്റലിജൻസിന്റെ പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനത്തിൽ നിക്ഷേപകരുടേതായി കൈകാര്യം ചെയ്യുന്ന ആസ്തി 1,000 കോടി രൂപ കവിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം നിക്ഷേപകർക്ക് സമ്പത്തിൽ 250 കോടി രൂപയുടെ ലാഭം നേടികൊടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.

പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് സർവീസിൽ 50 ലക്ഷം രൂപയാണ് കുറഞ്ഞ നിക്ഷേപം. മൊത്തം 1350 നിക്ഷേപകരാണ് ഇക്വിറ്റി ഇന്റലിജൻസിന്റെ പിഎംഎസ് പ്രയോജനപ്പെടുത്തുന്നതെന്നും പൊറിഞ്ചു വെളിയത്ത് പറഞ്ഞു.