ഐസിടിടി : കേരളവും നവാഗതരുടെ ഇന്ത്യയും പ്രധാനവിഷയം

Posted on: June 8, 2017

കൊച്ചി : ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ടൂറിസം ടെക്‌നോളജി (ഐസിടിടി) വെള്ളിയാഴ്ച രാവിലെ ഒൻപതിന് കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ സംസ്ഥാന ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എംഎൽഎ, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു വി, ടൂറിസം ഡയറക്ടർ ശ്രീ ബാലകിരൺ എന്നിവരുൾപ്പെടെ ടൂറിസംരംഗത്തെ പ്രമുഖർ പങ്കെടുക്കും.

അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ്, ഇന്ത്യ (അറ്റോയി) യാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സഹകരണവും സമ്മേളനത്തിനുണ്ട്. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങളടക്കമുള്ള അഭിപ്രായപ്രകടനത്തെക്കുറിച്ച് തത്സമയ പരിശീലന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. തത്സമയ ട്വീറ്റ്, ഫേസ്ബുക്ക് ലൈവ്, ഫോട്ടോവീഡിയോ റെക്കോഡിംഗ് എന്നിവ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരള ടൂറിസത്തിന്റെ പിന്തുണയോടെ അറ്റോയ്‌ സംഘടിപ്പിക്കുന്ന ട്വിറ്റർ കാമ്പൈൻ #Kerala #IndiaForBeginners, ഡോ. വേണു ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. ഫേസ്ബുക്ക് കാമ്പൈൻ ശ്രീ. ബാലകിരൺ ഉദ്ഘാടനം ചെയ്യും. #Kerala #IndiaForBeginnser എന്നീ ഹാഷ്ടാഗ് പ്രചാരണങ്ങളുടെ തത്സമയവിശകലനവും സമ്മേളത്തിന്റെ പ്രത്യേകതയാണ്.

ഉപഭോക്താവുമായി സംവദിക്കാൻ സമൂഹമാധ്യമങ്ങൾ പോലെ സരളമായ മറ്റൊന്നില്ലെന്ന് അറ്റോയി പ്രസിഡന്റ് അനീഷ്‌കുമാർ പി.കെ പറഞ്ഞു. ഇന്ത്യ ടൂറിസത്തെയും ഇൻക്രെഡിബ്ൾ ഇന്ത്യയെയും ഏതു രീതിയിൽ ഫലപ്രദമായി വിപണനം ചെയ്യാമെന്ന് വിവരിക്കുകയും ചെയ്യുന്നുവെന്ന് അദേഹം പറഞ്ഞു. ഇൻക്രഡിബ്ൾ  ഇന്ത്യ പ്രകടനം തത്സമയം പരിശോധിക്കാനുള്ള അവസരവും ഒരുക്കും.

അന്താരാഷ്ട്രതലത്തിൽ നിപുണരായ 15 വിദഗ്ധരാണ് 24 വിഷയങ്ങളിൽ ടൂറിസം വിപണനത്തിലെ ഓൺലൈൻ സാധ്യതകളെക്കുറിച്ച് സംസാരിക്കാൻ സമ്മേളനത്തിലെത്തുന്നത്.