ടൂൺസ് ആനിമേഷൻ മാസ്റ്റേഴ്‌സ് സമ്മിറ്റ് മെയ് 5 ന്

Posted on: April 11, 2017

തിരുവനന്തപുരം : ടൂൺസ് ആനിമേഷന്റെ ഈ വർഷത്തെ ‘ആനിമേഷൻ മാസ്റ്റേഴ്‌സ് സമ്മിറ്റ് 2017 ടെക്‌നോപാർക്കിൽ നടക്കും. ആഗോള ആനിമേഷൻ ഭൂപടത്തിൽ ഇതിനോടകം സ്ഥാനം പിടിച്ചുകഴിഞ്ഞിട്ടുള്ള ആനിമേഷൻ മാസ്റ്റേഴ്‌സ് സമ്മിറ്റ് 1999 മുതൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ചു വരുന്നു.

ചൈന ഫിലിം ഫെഡറേഷന്റെ വൈസ് പ്രസിഡന്റും ഹോങ്കോംഗ് ഇന്റർനാഷണൽ ഫിലിം സൊസൈറ്റി ഡയറക്ടറുമായ ഫ്രെഡ്‌വാംങ് മെയ് 5 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മേള ഉദ്ഘാടനം ചെയ്യും. യൂട്യൂബ് പ്രോഗ്രാമിംഗ് ആൻഡ് സ്ട്രാറ്റിജി മേധാവി ലോറൻ ഗ്ലോബാക്, യൂട്യൂബ് കിഡ്‌സ് പ്രോഗ്രാമിംഗ് മാനേജർ എമി ബ്ലയർ തുടങ്ങിയ ആനിമേഷൻ വിദഗ്ദ്ധർ മേളയിൽ പങ്കെടുക്കും.

ടൂൺസ് ആനിമേഷൻ മാസ്റ്റേഴ്‌സ് സമ്മിറ്റ് ഇന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കലണ്ടറുകളിൽ രേഖപ്പെടുത്തുന്ന മഹാമേളയായി മാറിക്കഴിഞ്ഞിട്ടുണ്ടെന്ന് സിഇഒ പി. ജയകുമാർ പറഞ്ഞു. ആനിമേഷൻ രംഗത്ത് പ്രവർത്തിക്കുന്ന തത്പരരായ ഏവർക്കും ഈ മേളയിൽ ലോക പ്രശസ്ത ആനിമേറ്റർമാരുമായി ആശയങ്ങൾ പങ്കിടാനും സംവദിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നതെന്നും അദേഹം പറഞ്ഞു. ടൂൺസ് സംഘടിപ്പിച്ചിട്ടുള്ള ഫ്‌ളെയിംഗ് എലിഫന്റ് ഷോർട്ട് ഫിലിം മത്സരങ്ങളുടെ പുരസ്‌ക്കാരങ്ങളും മേളയിൽ പ്രഖ്യാപിക്കും.

ടൂൺസിന്റെ വികസന പരിപാടികളുടെ മേധാവി ഡോ. അവനീഷ്, ബിസിനസ് അനലിസ്റ്റ് അനൂപ് വിൻസ് തുടങ്ങിയവരാണ് ഈ വർഷത്തെ പ്രധാന കോർഡിനേറ്റർമാർ.

TAGS: Toons Animation |