ദ്വിദിന ദേശീയ പരിശീലക ഉച്ചകോടി സമാപിച്ചു

Posted on: February 23, 2017

കൊച്ചിയിൽ നടന്ന ദ്വിദിന ദേശീയ പരിശീലന പരിപാടിയുടെ സമാപന ചടങ്ങിൽ കേരള സംസ്ഥാന ഇന്നൊവേഷൻ കൌൺസിലിൻറെ ചെയർമാനും മുഖ്യമന്ത്രിയുടെ മുൻ ഉപദേഷ്ടാവുമായിരുന്ന ലക്ഷ്മൺ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തുന്നു. കുസാറ്റ് പ്രോ വൈസ് ചാൻസലർ ഡോ. പൗലോസ് ജേക്കബ്, ജോസ് പി ഫിലിപ്പ് , നിർമല ലില്ലി, ആർ. ചന്ദ്രവദന, വി എ ഷംസുദീൻ, സതീഷ്‌കുമാർ , എസ് ആർ നായർ, ശ്രീജിത്ത് മേനോൻ തുടങ്ങിയവർ സമീപം.

കൊച്ചി : വൈദഗ്ധ്യ പരിശീലനത്തിന് പ്രാമുഖ്യം നൽകി പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്ന ആഹ്വാനത്തോടെ രണ്ടു ദിവസങ്ങളിലായി നടന്ന നാളെയുടെ പരിശീലകർ : ദ്വിദിന ദേശീയ പരിശീലക ഉച്ചകോടി സമാപിച്ചു. ജീവിതത്തിൻറെ പലതരം മേഖലകളിൽ നിന്നും അമ്പതിലേറെ പ്രഭാഷകരും, പരിശീലകരും വിദഗ്‌ധോപദേശം നൽകുന്നവരും വിദ്യാർത്ഥികളുമടക്കം 500 ലേറെ പ്രതിനിധികകളും ഉച്ചകോടിയിൽ പങ്കെടുത്തു.

കേവലം ഡിഗ്രി നേടുന്നതല്ല വിദ്യാഭ്യാസമെന്ന് ഡിജിറ്റൽ വിദ്യാഭ്യാസത്തിലൂടെ രാജ്യ പുരോഗതി എന്ന വിഷയത്തിൽ സംസാരിച്ച അൺസ്പാൻ കൺസൾട്ടിംഗ് ഗ്രൂപ്പിൻറെ സ്ഥാപകയും സി ഇ ഒ യുമായ ഡോ. സോം സിംഗ് പറഞ്ഞു. ഡിഗ്രികളുമായല്ല വൈദഗ്ധ്യവുമായി ആവണം വിദ്യാർഥികൾ സർവകലാശാലകളിൽ നിന്ന് പുറത്തിറങ്ങേണ്ടതെന്ന് ഡോ. സോം സിംഗ് പറഞ്ഞു.

 

ഡോ. സോം സിംഗ്

സമാപന ചടങ്ങിൽ കേരള സംസ്ഥാന ഇന്നൊവേഷൻ കൗൺസിൽ ചെയർമാനും മുഖ്യമന്ത്രിയുടെ മുൻ ഉപദേഷ്ടാവുമായിരുന്ന ലക്ഷ്മൺ രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. കുസാറ്റ് പ്രോ വൈസ് ചാൻസലർ ഡോ. പൗലോസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഐ എസ് റ്റി ഡി ചെയർമാൻ ജോസ് പി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിർമല ലില്ലി, ടി ഫോർ ട്രെയിനർ ഡോട്ട് കോം സി.ഇ.ഒ ആർ. ചന്ദ്രവദന, വി എ ഷംസുദീൻ, സതീഷ്‌കുമാർ , എസ് ആർ നായർ, ശ്രീജിത്ത് മേനോൻ തുടങ്ങിയവർ സംസാരിച്ചു.

ദേശീയ പരിശീലന ഉച്ചകോടിയോടനുബന്ധിച്ച് നൂതനമായ പരിശീലന പരിപാടികൾക്കുള്ള ഐ എസ് റ്റി ഡി അവാർഡുകൾ സമ്മാനിച്ചു. മികച്ച കോർപറേറ്റ് പ്രെസന്റേഷനുള്ള അവാർഡ് ടാറ്റ കൺസൾട്ടൻസി സർവീസസ് (കേരള ഓപറേഷൻസ്), പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് കൊച്ചി എന്നിവർ പങ്കിട്ടു. മികച്ച സ്ഥാപനങ്ങളുടെ പ്രസന്റേഷനുള്ള അവാർഡ് രാജഗിരി സെൻറർ ഫോർ ബിസിനസ് സ്റ്റഡീസിന് ലഭിച്ചു. മികച്ച പരിശീലന പ്രഭാഷണത്തിന് ബെന്നി ജോർജ്, ഡോ. സി.എം. ഷെർന, ശേഖർ വിശ്വനാഥൻ എന്നിവർ അവാർഡ് പങ്കിട്ടു.

TAGS: ISTD |