170 ദിവസത്തിനുള്ളിൽ 10 കോടി വരിക്കാരുമായി ജിയോ

Posted on: February 21, 2017

കൊച്ചി : പ്രവർത്തനം ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ (170 ദിവസം) 10 കോടി വരിക്കാരെ തികച്ച് റിലയൻസ് ജിയോ ഇൻഫോകോം ചരിത്രമെഴുതി. ഫേസ്ബുക്ക്, വാട്‌സ് ആപ്, സ്‌കൈപ് തുടങ്ങിയ കമ്പനികളേക്കാൾ വേഗത്തിൽ ഈ നേട്ടം കൈവരിച്ചാണ് ടെലികോം മേഖലയിൽ ജിയോ റെക്കോർഡിട്ടത്.

ഓരോ സെക്കൻഡിലും ഏഴ് വരിക്കാരെ വീതം ചേർത്താണ് 170 ദിവസത്തിനുള്ളിൽ 10 കോടി എന്ന ലക്ഷ്യത്തിലേക്ക് ജിയോ എത്തിച്ചേർന്നത്. രാജ്യത്തെ 4ജി സ്മാർട്ട് ഫോണുകളിലെ സിം സ്ലോട്ടുകളിൽ ഭൂരിഭാഗവും ജിയോ സിം ഉപയോഗിക്കുന്നതിലേക്ക് എത്തിയതു കൂടാതെ 3ജി, 4ജി ഫോൺ ഉപയോഗിക്കുന്നവർക്ക് ജിയോ ഫൈ എന്ന വൈഫൈ ഉപകരണത്തിന്റെ സഹായത്തോടെ 4 ജി ഡേറ്റാ, വോയ്‌സ് സംവിധാനങ്ങൾ ലഭ്യമാക്കിയതും ജിയോക്ക് നേട്ടമായി. മൊബൈൽ നമ്പരിൽ മാറ്റമില്ലാതെ ജിയോ സിം ഉപയോഗിക്കാൻ കഴിയുന്ന മൊബൈൽ നമ്പർ പോർട്ടബലിറ്റി സംവിധാനം വന്നതോടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ജിയോ സേവനങ്ങളിലേക്ക് മാറിയത്.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന മറ്റ് എല്ലാ സേവനദാതാക്കളുടെയും കൂടി 4 ജി ബേസ് സ്റ്റേഷനുകളേക്കാൾ ഇരട്ടി ജിയോയുടേതായി ഉണ്ട്. 2017 അവസാനത്തോടെ ഇന്ത്യയിലെ 99 ശതമാനം ജനങ്ങളിലേക്കും നെറ്റ്‌വർക്ക് എത്തിക്കുകയാണ് ജിയോ ലക്ഷ്യമിടുന്നത്. 9.8 എംബിപിഎസ് ഡാറ്റാ സ്പീഡുള്ള ജിയോ മറ്റു സേവനദാതാക്കൾ നൽകുന്ന 4.2 മുതൽ 5.9 വരെയുള്ള ഡാറ്റാ സ്പീഡിനെക്കാൾ വളരെ മുന്നിലാണ്.

ജിയോ പ്രൈംമെമ്പർഷിപ്പ് പ്രോഗ്രാം

റിലയൻസ് ജിയോ അൺലിമിറ്റഡ് ന്യൂഇയർ ഓഫറാണ് ആദ്യത്തെ പത്തുകോടി വരിക്കാർക്ക് ജിയോ നൽകുന്ന പുതിയ ഓഫർ. നിലവിലുള്ള ജിയോ വരിക്കാർ 99 രൂപ മെമ്പർഷിപ്പ് ഫീ അടച്ചാൽ ഇപ്പോഴുള്ള ജിയോ ഓഫർ 2017 ഏപ്രിൽ മുതൽ 303 രൂപ മാസവരിസംഖ്യയിൽ 2018 മാർച്ച് വരെ തുടരാം.

ചുരുക്കത്തിൽ 10 രൂപയ്ക്ക് ഒരു ദിവസം അൺലിമിറ്റഡ് സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കും. ജിയോ നൽകി വരുന്ന അനുബന്ധ സേവനങ്ങളും 2018 മാർച്ച് വരെ ഉപയോഗിക്കാനാകും. മാർച്ച് 1 മുതൽ 31 വരെ www.jio.com വെബ് സൈറ്റിലൂടെ മെമ്പർഷിപ്പ് പ്രോഗ്രാമിൽ ചേരാവുന്നതാണ്.

TAGS: Reliance Jio |