ദേശീയ പരിശീലക ഉച്ചകോടിക്ക് ബുധനാഴ്ച തുടക്കമാകും

Posted on: February 21, 2017

കൊച്ചി : ഇന്ത്യൻ സൊസൈറ്റി ഫോർ ട്രെയിനിംഗ് ആൻഡ് ഡെവലപ്പ്‌മെൻറ് (ഐ എസ് റ്റി ഡി), ടി ഫോർ ട്രെയിനർ ഡോട്ട് കോം എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന നാളെയുടെ പരിശീലകർ : ദ്വിദിന ദേശീയ പരിശീലക ഉച്ചകോടിക്ക് ബുധനാഴ്ച തുടക്കമാകും. കുസാറ്റ് രാജ്യാന്തര സെമിനാർ കോംപ്ലക്‌സിൽ രാവിലെ 10 മണിക്ക് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഐ എസ് റ്റി ഡി കൊച്ചി ചാപ്റ്റർ ചെയർമാൻ ജോസ് ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. ജെ. ലത, ഡയാന ഡെന്റിങ്ങർ തുടങ്ങിയവർ പങ്കെടുക്കും.

വിദഗ്ധ പ്രഭാഷണങ്ങൾ, വിവിധ പ്രമേയത്തിലുള്ള ചർച്ചകൾ, പരിശീലന മികവിനുള്ള പുരസ്‌കാരങ്ങൾ, പരിശീലക-വിദ്യാഭ്യാസ എക്‌സിബിഷൻ തുടങ്ങിയവ ഉണ്ടാകും. പരിശീലനത്തിലൂടെയുള്ള മുന്നേറ്റം: ഭാവിയുടെ വിഭാവനം എന്നതാണ് ഉച്ചകോടിയുടെ പ്രധാന പ്രമേയം,

ജീവിതത്തിന്റെ പലതരം മേഖലകളിൽ നിന്നും അമ്പതിലേറെ പ്രഭാഷകരും, പരിശീലകരും വിദഗ്‌ധോപദേശം നൽകുന്നവരും വിദ്യാർത്ഥികളായുമുള്ള 500 ലേറെ ആളുകളും ഉച്ചകോടിയിൽ സംബന്ധിക്കും. ആശയങ്ങളും ആവിഷ്‌കാരങ്ങളും യോഗത്തിൻറെ പ്രമേയവുമായി ചേർന്നു നിൽക്കുന്ന ഉപകരണങ്ങളും വിദ്യാഭ്യാസ സാങ്കേതിക വിദ്യയും ഇ-ലേണിംഗും പരിശീലന-വികാസങ്ങളും എക്‌സ്‌പോ പവലിയനിൽ ഉണ്ടാകും. വിദ്യാഭ്യാസ / ഏകീകൃത / പരിശീലന സ്ഥാപനങ്ങൾക്ക്, അവരുടെ പുതുമ നിറഞ്ഞ പരിശീലനമുറയ്ക്കും, ഉത്തമ പരിശീലകപ്രസംഗത്തിനും, മികച്ച സ്റ്റാളിനുമുള്ള പുരസ്‌കാരങ്ങളും ഉച്ചകോടി നൽകും.

കുസാറ്റ് വൈസ് ചാൻസലറായ ഡോ.ജെ ലത, ലണ്ടനിലെ തരൂർ അസോസിയേറ്റ്‌സിലെ സ്മിത തരൂർ, കേരള സംസ്ഥാന ഇന്നൊവേഷൻ കൗൺസിലിൻറെ ചെയർമാനും മുഖ്യമന്ത്രിയുടെ മുൻ ഉപദേഷ്ടാവുമായിരുന്ന ലക്ഷ്മൺ രാധാകൃഷ്ണൻ , അൺസ്പാൻ കൺസൾട്ടിംഗ് ഗ്രൂപ്പിൻറെ സ്ഥാപകയും സി ഇ ഒ യുമായ ഡോ. സോം സിംഗ്, തിരുനൽവേലി സബ്കലക്ടർ വിഷ്ണു വേണുഗോപാൽ എന്നിവർ ദ്വിദിന ഉച്ചകോടിയിൽ വിവിധ സെഷനുകളിൽ സംസാരിക്കും.

TAGS: ISTD |