കൃത്യതയുള്ള സ്‌കാനിംഗ് : ടെലിറേഡിയോളജിയും ജി ഇ ഹെൽത്ത് കെയറും തമ്മിൽ ധാരണ

Posted on: February 18, 2017

കൊച്ചി : ഇന്ത്യയിലെവിടെയും ഏറ്റവും കൃത്യതയുള്ള സ്‌കാനിംഗ് റിപ്പോർട്ടുകൾ ലഭ്യമാക്കാൻ ടെലിറേഡിയോളജി സൊലൂഷൻസും വിപ്രോ ജിഇ ഹെൽത്ത്‌കെയറും കൈകോർക്കുന്നു. റേഡിയോളജി ടെക്‌നോളജീസിന്റെ കീഴിലുള്ള റേഡ്‌സ്പാ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്ന റിമോട്ട് റേഡിയോളജി റിപ്പോർട്ടിംഗ് സർവീസ് ജിഇ ഹെൽത്ത് കെയറിന്റെ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

വൈദഗ്ധ്യമുളള റേഡിയോളജിസ്റ്റിന്റെ അഭാവത്തിലും കൃത്യതയുള്ള റിസൾട്ട് വേഗത്തിൽ ലഭ്യമാക്കാൻ ഈ സംവിധാനത്തിനു കഴിയും. 365 ദിവസവും 24മണിക്കൂർ സേവനം നൽകുന്ന ടെലിറേഡിയോളജി സൊല്യൂഷൻസിൽ 50 ലേറെ വിദഗ്ധരായ റേഡിയോളജിസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവരാണ് വിവിധ സെന്ററുകളിലിരുന്ന് റിസൾട്ട് തയാറാക്കുന്നത്.

ടെലിറേഡിയോളജി സെല്യൂഷൻസുമായുള്ള സഹകരണത്തിലൂടെ രാജ്യത്തിന്റെ ഏതു കോണിലും ഏറ്റവും നല്ല റേഡിയോളജി സർവീസ് ലഭ്യമാക്കാൻ കഴിയുമെന്ന് ജിഇ ഹെൽത്ത്‌കെയർ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ സിഇയും പ്രസിഡന്റുമായ മിലൻ റാവു പറഞ്ഞു.

നഗര ഗ്രാമ ഭേദമില്ലാതെ രാജ്യത്തെവിടെയും ഏറ്റവും വിദഗ്ധരായ റേഡിയോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കുന്ന സാങ്കേതികവിദ്യയാണ് തങ്ങളുടെതെന്ന് ടെലിറേഡിയോളജി സൊലൂഷൻസിന്റെസ്ഥാപകനും സിഇഒയും ചീഫ് റേഡിയോളജിസ്റ്റുമായ ഡോ. അർജുൻ കല്യാൻപൂർ പറഞ്ഞു. രോഗികളെ ടെക്‌നീഷൻ സ്‌കാനിംഗിന് / എക്‌സ്‌റേയ്ക്ക് വിധേയമാക്കുകയും പിന്നീട് ഇതിന്റെ ഇമേജ് ഓൺലൈനായി ടെലിറേഡിയോളജി ടെക്‌നോളജീസിന്റെ സെന്ററിലേയ്ക്ക് അയക്കുകയും ചെയ്യും. അവിടെയുള്ള വിദഗ്ധനായ റേഡിയോളസ്റ്റ് ഇമേജ് പരിശോധിച്ചതിനുശേഷം ഫലം ഓൺലൈനായി തിരികെ ഒരു മണിക്കൂർ മുതൽ 24 മണിക്കൂർ വരെ സമയത്തിനുള്ളിൽ ലഭ്യമാക്കുമെന്നുംഡോ. അർജുൻ ചൂണ്ടിക്കാട്ടി.