അശോക് ലേലാൻഡ് ഡാക്കയിൽ പ്ലാന്റ് തുറന്നു

Posted on: February 8, 2017

കൊച്ചി : അശോക് ലേലാൻഡ് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ഡാക്കയിൽ പ്ലാന്റ് തുറന്നു. അശോക് ലേലാൻഡും ബംഗ്ലാദേശിലെ ഇഫാദ് ഓട്ടോസ് ലിമിറ്റഡും സംയുക്തമായാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. മുപ്പത്തിയേഴ് ഏക്കറിൽ നിർമിച്ചിട്ടുള്ള പ്ലാന്റിന് പ്രതിമാസം 600-800 വാഹനങ്ങൾ നിർമിക്കാൻ ശേഷിയുണ്ട്. പതിനഞ്ചുമാസം കൊണ്ടാണ് പ്ലാന്റിന്റെ പണി പൂർത്തിയാക്കിയത്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ബോഡി ബിൽഡിംഗ്, ടെസ്റ്റിംഗ് സൗകര്യങ്ങൾ തുടങ്ങിയവയും ഏർപ്പെടുത്തും.

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചററേഴ്‌സ് ബംഗ്ലാദേശിൽ നടത്തിയ ഇന്തോ-ബംഗ്ലാ ഓട്ടോ ഷോയിലാണ് പ്ലാന്റ് തുറന്ന കാര്യം പ്രഖ്യാപിച്ചത്. ഓട്ടോ ഷോയിൽ കമ്പനിയുടെ വൈവിധ്യമാർന്ന ഉത്പന്നനിര പ്രദർശിപ്പിച്ചു. അശോക് ലേലാൻഡ് വാഹനങ്ങൾ ഇപ്പോൾ ബംഗ്ലാദേശിലൊട്ടാകെ ലഭ്യമാണ്. ഇഫാദ് വഴിയാണ് കമ്പനി ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത്. ഇഫാദിന് ബംഗ്ലാദേശിലാകെ 21 മേഖല ഓഫീസുകളും 12 ഡീലർമാരുമുണ്ട്.

പുതിയ പ്ലാന്റും ഇഫാദ് ഓട്ടോസിന്റെ ശക്തമായ പിന്തുണയും ഈ മേഖലയിൽ സാന്നിധ്യം ശക്തമാക്കാൻ സഹായിക്കുമെന്ന് അശോക് ലേലാൻഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ വിനോദ് കെ ദസരി പറഞ്ഞു.

അശോക് ലേലാൻഡ് വാഹനങ്ങൾ രാജ്യത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിൽ വലിയ അനുഗ്രഹമാണ്. അശോക് ലേലാൻഡുമായുള്ളബന്ധം വരും വർഷങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് ഇഫാദ് ഓട്ടോസ് മാനേജിംഗ് ഡയറക്ടർ തസ്‌കീൻ അഹമ്മദ് പറഞ്ഞു.

TAGS: Ashok Leyland |