നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി കൂടുതൽ വ്യവസായങ്ങൾ തുടങ്ങും മന്ത്രി മൊയ്തീൻ

Posted on: February 2, 2017

കൊച്ചി : വിദേശ രാജ്യങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തുന്നവരെ മുൻനിർത്തി കൂടുതൽ വ്യവസായങ്ങൾ തുടങ്ങാൻ സർക്കാർ പരിശ്രമിക്കുമെന്ന് വ്യവസായമന്ത്രി എ സി മൊയ്തീൻ പറഞ്ഞു. വ്യവസായവകുപ്പ് സംഘടിപ്പിച്ച ബിസിനസ് മീറ്റായ വ്യാപാർ 2017 കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തദേശിയർക്ക് അവസരം നൽകുന്നതിന്റെ ഭാഗമായി വിദേശരാജ്യങ്ങളിലെ ഇന്ത്യാക്കാർ മടങ്ങി വരേണ്ട സാഹചര്യം സംജാതമാകുന്നുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് സംസ്ഥാനസർക്കാർ ചെറുകിട-സൂക്ഷ്മ വ്യവസായങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതെന്നും അദേഹം പറഞ്ഞു.

ചെറുകിടവ്യവസായങ്ങൾ വളരുന്നതിന് സൗഹൃദാന്തരീക്ഷം കേരളത്തിൽ ഉണ്ടാകേണ്ടതുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എം എൽ എ എസ് ശർമ്മ ചൂണ്ടിക്കാട്ടി. കെ വി തോമസ് എം പി, വ്യവസായ വകുപ്പ് അഡി ചീഫ് സെക്രട്ടറി പോൾ ആന്റണി, വ്യവസായ വകുപ്പ് ഡയറക്ടർ പി എം ഫ്രാൻസിസ്, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ സി ഇ ഒ വി രാജഗോപാൽ, മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജൻ, ഫിക്കി കോ ചെയർമാൻ ദീപക് അസ്വാനി, കെ എസ് എസ് ഐ എ സംസ്ഥാന പ്രസിഡന്റ് ദാമോദർ അവന്നൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വ്യവസായ-വാണിജ്യ ഡയറക്ടറേറ്റ് വഴി ബിസിനസ് ടു ബിസിനസ് മീറ്റുകളിൽ പങ്കെടുത്ത ഏറ്റവും മികച്ച സെല്ലർക്കുള്ള പ്രഥമ അവാർഡ് ചാലക്കുടിയിലെ റാപോൾ സാനിപ്ലാസ്റ്റിന് മന്ത്രി സമ്മാനിച്ചു.

മുൻകൂറായി രജിസ്റ്റർ ചെയ്ത കേരളത്തിനു പുറത്തുനിന്നുള്ള സംരംഭകർക്ക് മാത്രമായാണ് ഫെബ്രുവരി 2, 3 തീയതികളിലെ ബിസിനസ് മീറ്റിംഗുകൾ. ഫെബ്രുവരി നാലിന് വ്യാപാർ നടക്കുന്ന സ്ഥലത്ത് സ്‌പോട്ട് രജിസ്‌ട്രേഷൻ വഴി കേരളത്തിൽ നിന്നുള്ള സംരംഭകർക്കും ഉച്ചവരെ പങ്കെടുക്കാം.വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, ഹാൻഡ്‌ലൂംസ് ആൻഡ് ടെക്‌സ്റ്റൈൽസ് ഡയറക്ടറേറ്റ്, വ്യവസായ വികസന കോർപ്പറേഷൻ, ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്‌മെന്റ് കോർപറേഷൻ, എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന മേളയുടെ സംഘാടനച്ചുമതല കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷനാ (കെ-ബിപ്) ണ്. ഫിക്കിയാണ് വ്യവസായ-വാണിജ്യ പങ്കാളി.

TAGS: Vyapar 2017 |