ഇ. അഹമ്മദിന്റെ നിര്യാണത്തിൽ എം എ യൂസഫലി അനുശോചിച്ചു

Posted on: February 2, 2017

മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് എംപിയുടെ ഭൗതികശരീരം കണ്ണൂർ നഗരസഭാ ഓഫീസ് പരിസരത്ത് എത്തിച്ചപ്പോൾ എം എ യൂസഫലി അന്ത്യാഞ്ജലി അർപ്പിക്കുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ദുൾ സമദ് സമദാനി തുടങ്ങിയവർ സമീപം.

കണ്ണൂർ : മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് എംപിയുടെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി അനുശോചിച്ചു. ഇ. അഹമ്മദിന്റെ ഭൗതികശരീരം കണ്ണൂർ നഗരസഭാ ഓഫീസ് പരിസരത്ത് എത്തിച്ചപ്പോൾ എം എ യൂസഫലി അന്ത്യാഞ്ജലി അർപ്പിച്ചു. സിറ്റി ജുമാമസ്ജിദിൽ നടന്ന കബറടക്ക ചടങ്ങിലും യൂസഫലി പങ്കെടുത്തു.

പ്രവാസികളോട് അനുകമ്പയും സ്‌നേഹവും സാഹോദര്യവും എന്നും വെച്ചു പുലർത്തിയിരുന്ന ജ്യേഷ്ഠ സഹോദരനായിരുന്നു ഇ. അഹമ്മദ് എന്ന് എം എ യൂസഫലി അനുസ്മരിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്ന നിലയിലും അല്ലാത്തപ്പോഴും ഗൾഫ് രാജ്യങ്ങളിലെ ഭരണനേതൃത്വവുമായും ഉദ്യോഗസ്ഥരുമായും പ്രവാസികളുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും സജീവ ഇടപെടലുകളാണ് അദേഹം നടത്തിയിട്ടുള്ളത്. ഈ അവസരങ്ങളിലൊക്കെ അദേഹത്തോടൊപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

പ്രവാസി ഭാരതീയ ദിവസ് നടക്കുമ്പോഴൊക്കെ പ്രവാസികളുടെ ഉന്നമനത്തിനായും പ്രശ്‌നപരിഹാരങ്ങൾക്കായും പല നിർദേശങ്ങളും അദേഹത്തിൽ നിന്ന് ഉണ്ടായിട്ടുണ്ട്. അദേഹത്തിന്റെ നയതന്ത്രപാടവം പലഘട്ടങ്ങളിലും അത്ഭുതത്തോടെയായിരുന്നു ഞാൻ നോക്കികണ്ടിട്ടുള്ളത്. അഹമ്മദ് സാഹിബിന്റെ നിര്യാണം രാജ്യത്തിനും വിശിഷ്യ പ്രവാസി സമൂഹത്തിനും വലിയൊരു നഷ്ടമാണെന്ന് എം എ യൂസഫലി പറഞ്ഞു.

TAGS: M A Yusuf Ali |