എടിഎമ്മിൽ നിന്ന് ഇനി 24,000 രൂപ വീതം പിൻവലിക്കാം

Posted on: January 30, 2017

ന്യൂഡൽഹി : എടിഎമ്മിൽ നിന്ന് പിൻവലിക്കാവുന്ന തുക പ്രതിദിനം 24,000 രൂപയായി റിസർവ് ബാങ്ക് വർധിപ്പിച്ചു. ഫെബ്രുവരി ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും. നിലവിൽ പ്രതിദിനം പിൻവലിക്കാവുന്നത് 10,000 രൂപ മാത്രമാണ്.

അതേസമയം സേവിംഗ്‌സ് അക്കൗണ്ടുകളിൽ നിന്ന് ഒരാഴ്ച പിൻവലിക്കാവുന്ന പരമാവധി തുക 24,000 രൂപയായി തുടരും. വൈകാതെ ഈ നിയന്ത്രണവും നീക്കിയേക്കും.

അതേസമയം കറന്റ് അക്കൗണ്ടിൽ നിന്നും ഇനി പരിധിയില്ലാതെ തുക പിൻവലിക്കാമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. കാഷ് ക്രെഡിറ്റ് അക്കൗണ്ടുകൾ, ഓവർ ഡ്രാഫ്റ്റ് അക്കൗണ്ടുകൾ എന്നിവയുടെ മേലുണ്ടായിരുന്ന നിയന്ത്രണം പൂർണമായും നീക്കിയിട്ടുണ്ട്.