വ്യാപാർ 2017-ൽ 46 രാജ്യങ്ങളിൽ നിന്ന് 160 ബയർമാർ

Posted on: January 28, 2017

തിരുവനന്തപുരം : സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ഫെബ്രുവരി രണ്ടു മുതൽ നാല് മുതൽ കൊച്ചി ബോൾഗാട്ടിപാലസിൽ നടത്തുന്ന ബിസിനസ് ടു ബിസിനസ് മീറ്റായ വ്യാപാർ 2017-ൽ 46 വിദേശരാജ്യങ്ങളിൽ
നിന്നുള്ള 160 പേരടക്കം 683 ബയർമാർ രജിസ്റ്റർ ചെയ്തു.

18 സംസ്ഥാനങ്ങളിൽനിന്ന് 523 ബയർമാരാണുള്ളത്. അമേരിക്ക, ഇംഗ്ലണ്ട്, ചൈന, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിരാജ്യങ്ങളിൽനിന്നുള്ള 160 പേർക്കു പുറമെ ജപ്പാനിൽനിന്ന് 39 പേരുടെ പ്രതിനിധി സംഘവുമെത്തും. ബിസിനസ് ഹൗസുകൾ, ഉപഭോക്താക്കൾ, വ്യാപാര സംഘങ്ങൾ, കയറ്റുമതി സംഘങ്ങൾ, വാണിജ്യ, വ്യവസായ, വിപണന, കയറ്റുമതി സംഘങ്ങളുടെ പ്രതിനിധികൾ എന്നിവരാകും ബയർമാർ. ഇതിൽനിന്ന് 450 ൽ കുറയാതെ ബയർമാർ വ്യാപാറിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി രണ്ടിനു രാവിലെ 10.30ന് വ്യാപാർ 2017 ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി എ. സി. മൊയ്തീൻ അധ്യക്ഷതവഹിക്കും.

ഏഴായിരത്തിലേറെ ബിസിനസ് ടു ബിസിനസ് ചർച്ചകൾ വ്യാപാറിൽ നടക്കുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്കു 2.30 മുതൽ ഫെബ്രുവരി നാലിന് ഉച്ചവരെയാണ് മുൻനിശ്ചയ പ്രകാരമുള്ള ബിസിനസ് ടു ബിസിനസ് മീറ്റിംഗുകൾ. ഫെബ്രുവരി നാലിന് ഉച്ചകഴിഞ്ഞ് വ്യാപാറിൽ പങ്കാളികളായ ബയർമാരും സെല്ലർമാരും സംയുക്ത ചർച്ചയും നടത്തും. ഫെബ്രുവരി ഒന്നിനു തന്നെ സ്റ്റാളുകളുടെ സജ്ജീകരണം പൂർത്തിയാക്കും.

ഭക്ഷ്യസംസ്‌കരണം, കൈത്തറി, ടെക്‌സ്റ്റൈൽസ്, തുണിത്തരങ്ങൾ, ഫാഷൻ ഡിസൈനിംഗ്, ഫർണിഷിങ്ങ്, റബർ, കയർ, കരകൗശലം, ആയുർവേദം, ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ മേഖലകളിലെ ഉത്പന്നങ്ങളും സാങ്കേതിക വിദ്യയും പരിപോഷിപ്പിക്കുകയാണ് വ്യാപാർ 2017 ന്റെ ലക്ഷ്യം.

വ്യാപാർ 2017 ൽ പങ്കെടുക്കാൻ 200 ചെറുകിട വ്യവസായ യൂണിറ്റുകളെ തെരഞ്ഞെടുത്തിട്ടുണ്ട്. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി റജിസ്റ്റർ ചെയ്ത 331 യൂണിറ്റുകളിൽനിന്ന് വ്യവസായ വാണിജ്യ ഡയറക്ടർ അധ്യക്ഷനായ സമിതിയാണ് 200 യൂണിറ്റുകളെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുത്ത വ്യവസായ യൂണിറ്റുകളുടെ വിവരങ്ങൾ വ്യാപാർ 2017 ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralabusinessmeet.org ൽ ലഭ്യമാക്കിയിട്ടുണ്ട്. ഇവരുടെ ഉത്പന്നങ്ങളും, സാങ്കേതിക വിദ്യകളും വ്യവസായ വാണിജ്യസംഘങ്ങൾക്കു മുന്നിൽ അവതരിപ്പിക്കും. വിപണി സാധ്യതകൾ, വിപണിയുടെ സ്വഭാവം, ഗുണനിലവാര മാനദണ്ഡം എന്നിവയെപ്പറ്റി മനസിലാക്കാൻ മീറ്റിൽ പങ്കെടുക്കുന്നവർക്ക് അവസരം ലഭിക്കും.

സംസ്ഥാനത്തിന്റെ വ്യവസായിക ഉത്പാദനക്ഷമത പ്രദർശിപ്പിക്കുക, ബ്രാൻഡ് ചെയ്തതും അല്ലാത്തതുമായ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുക, നിലവിലുള്ള വ്യവസായങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുക, നിക്ഷേപകരെ ആകർഷിക്കുക, സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുക എന്നിവയും വ്യാപാർ 2017 ന്റെ ലക്ഷ്യങ്ങളാണ്. സംസ്ഥാനത്തിന്റെ വ്യവസായ-സംരഭകത്വ മികവ്, തൊഴിൽ നൈപുണ്യം എന്നിവ രാജ്യത്തും ആഗോള തലത്തിലും പ്രദർശിപ്പിക്കാനും മീറ്റ് ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളെ ആഗോള വിപണിയിൽ പരിചയപ്പെടുത്താനും കഴിയും.

വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, ഹാൻഡ്‌ലൂംസ് ആൻഡ് ടെക്‌സ്റ്റൈൽസ് ഡയറക്ടറേറ്റ്, വ്യവസായ വികസന കോർപറേഷൻ, ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്‌മെന്റ് കോർപറേഷൻ, എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന മേളയുടെ സംഘാടനച്ചുമതല കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷനാ (കെ-ബിപ്)ണ്. ഫിക്കിയാണ് വ്യവസായ-വാണിജ്യ പങ്കാളി.

വ്യവസായ-വാണിജ്യ ഡയറക്ടറേറ്റ് വഴി 2015 ലെയും 2016 ലെയും ബിസിനസ് ടു ബിസിനസ് മീറ്റുകളിൽ പങ്കെടുത്ത ഏറ്റവും മികച്ച സെല്ലർക്കു വ്യാപാർ ഉദ്ഘാടനവേളയിൽ അവാർഡ് വിതരണം ചെയ്യും.