ബജറ്റിന് മുന്നോടിയായി ഹൽവ സെറിമണി

Posted on: January 20, 2017

ന്യൂഡൽഹി : കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രാലയത്തിൽ പരമ്പരാഗതമായ ഹൽവ സെറിമണി നടന്നു. ബജറ്റ് രേഖകൾ തയാറാക്കും മുമ്പ് ധനമന്ത്രാലയത്തിലെ ജീവനക്കാർ ഹൽവ ഉണ്ടാക്കി മധുരം പങ്കിടുന്നതാണ് ഹൽവ സെറിമണി. ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ഇന്നലെ നടന്ന ചടങ്ങിൽ പങ്കെടുത്തു.

ഹൽവ സെറിമണിക്ക് ശേഷമാണ് നൂറോളം ജീവനക്കാർ ബാഹ്യ ലോകവുമായി ബന്ധമില്ലാതെ അതീവ സുരക്ഷയിൽ ബജറ്റ് രേഖകൾ തയാറാക്കുന്നത്. ബജറ്റ് അവതരണം കഴിയും വരെ ഇവരുടെ പ്രവർത്തനവും താമസവും ധനമന്ത്രാലയത്തിന്റെ ബേസ്‌മെന്റിലാണ്.

പതിവുകൾക്ക് വിപരീതമായി ഫെബ്രുവരി ഒന്നിനാണ് ഇത്തവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ ഫെബ്രുവരിയിലെ അവസാന ദിവസമാണ് ബജറ്റ് അവതരിപ്പിച്ചിരുന്നത്.