മംഗളരു-ന്യൂഡൽഹി പ്രതിദിന സർവീസുമായി ജെറ്റ് എയർവേസ്

Posted on: January 15, 2017

കൊച്ചി : ജെറ്റ് എയർവേസ് ജനുവരി 16 മുതൽ മംഗളരുവിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കും. മംഗളരുവിൽ നിന്നു രാവിലെ 8.20 ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് (9W 763) രാവിലെ 11.10 ന് ഡൽഹിയിൽ എത്തിച്ചേരും. ഉച്ചകഴിഞ്ഞ് മൂന്നിന് ഡൽഹിയിൽ നിന്നു മടങ്ങുന്ന ഫ്‌ളൈറ്റ് (9W 764) വൈകുന്നേരം 5.50 ന് മംഗളൂരുവിൽ എത്തിച്ചേരും. മംഗളരുവിനും ഡൽഹിക്കുമിടയിൽ ചരക്കു നീക്കത്തിനും അവസരമുണ്ട്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഈ റൂട്ടിൽ ആകർഷകമായ നിരക്കും പ്രഖ്യാപിച്ചിട്ടുണ്ട്. 4929 രൂപയാണ് വൺവേ ടിക്കറ്റ് നിരക്ക്. മംഗളരു- ഡൽഹി- മംഗളരു റിട്ടേൺ 9,698 രൂപയാണ്. പ്രീമിയർ, ഇക്കണോമി ക്ലാസുകളുള്ള ബോയിംഗ് 737-800 ആണ് സർവീസിന് ഉപയോഗിക്കുന്നത്.

ഇതോടെ ന്യൂഡൽഹി വഴി ഉത്തരേന്ത്യയിലേയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും പ്രധാന നഗരങ്ങൾ മംഗളരുവുമായി ബന്ധിപ്പിക്കപ്പെടും. ചണ്ഡിഗഡ്, അമൃത്‌സർ, ഡെറാഡൂൺ, ജയപ്പൂർ, ജോധ്പൂർ, ലക്‌നോ, വരാണസി, പാറ്റ്‌ന, ഗുവാഹട്ടി തുടങ്ങിയ നഗരങ്ങളിലേക്ക് ന്യൂഡൽഹി വഴി വൺസ്റ്റോപ്പ് കണക്ഷൻ ഫ്‌ളൈറ്റ് ലഭിക്കും.

ഇതിനു പുറമേ ലണ്ടൻ, ആംസ്റ്റർഡാം, സിംഗപ്പൂർ, ഹോങ്കോംഗ് തുടങ്ങിയ രാജ്യാന്തര ബിസിനസ് കേന്ദ്രങ്ങളുമായും ബാങ്കോക്ക്, കാഠ്മണ്ഡു, ഡാക്ക തുടങ്ങിയ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളുമായും ന്യൂഡൽഹി വഴി മംഗളരു ബന്ധിപ്പിക്കപ്പെടും. കൂടാതെ മംഗളരുവിൽ നിന്ന് അബുദാബി, ബംഗലുരു, ചെന്നൈ, ദുബായ്, മുംബൈ എന്നിവിടങ്ങളിലേക്ക് ജെറ്റ് എയർവേസ് പ്രതിദിന സർവീസുകൾ നടത്തുന്നുണ്ടെന്ന് ജെറ്റ് എയർവേസ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ജയരാജ് ഷണ്മുഖം പറഞ്ഞു.