റെക്കോർഡ് കളക്ഷനുമായി അമീർഖാന്റെ ഡങ്കൽ

Posted on: January 10, 2017

മുംബൈ : ഏറ്റവും കൂടുതൽ കളക്ഷൻ റെക്കോഡ് ചരിത്ര നേട്ടവുമായി അമീർഖാന്റെ ഡങ്കൽ. 345.3 കോടി രൂപയാണ് ഡങ്കൽ ഇതുവരെ ഇന്ത്യയിൽ നിന്നും നേടിയിരിക്കുന്നത്. അമീർഖാൻ തന്നെ അഭിനയിച്ച പികെ എന്ന ബോളിവുഡ് സിനിമയെയാണ് ഡങ്കൽ ഇപ്പോൾ പിന്നിലാക്കിയിരിക്കുന്നത്. 340.80 കോടി രൂപയായിരുന്നു പികെയുടെ കളക്ഷൻ. ഇന്ത്യക്ക് പുറത്തുനിന്നും ഡങ്കൽ നേടിയത് 180.58 കോടി രൂപയാണ്. ഞായറാഴ്ച വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ഗുസ്തി താരമായിരുന്ന മഹാവീർ സിംഗ് ഫോഗട്ടിന്റെയും മക്കളാ ഗീത ഫോഗട്ട്, ബബിത ഫോഗട്ട് എന്നിവരുടെ കഥപറയുന്ന സിനിമയാണ് നിതേഷ് തിവാരി സംവിധാനം ചെയ്ത ഡങ്കൽ. ഇവരുടെ യഥാർഥ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ നിർമിച്ചിരിക്കുന്നത്. ജാതിവ്യവസ്ഥയും ലിംഗവിവേചനവും കൊടികുത്തി നിന്ന ഹരിയാനയിൽ നിന്ന് നിരവധി പ്രശ്‌നങ്ങൾ തരണം ചെയ്ത് തന്റെ രണ്ടു പെൺമക്കളെയും ഗുസ്തി അഭ്യസിച്ച് അന്തർദേശീയ താരങ്ങളാക്കി മാറ്റി മഹാവീർ സിംഗ്. അമീർഖാനാണ് മഹാവീർ സിംഗായി വേഷമിടുന്നത്. ഗീത ഫോഗട്ടായി ഫാത്തിമ സന ഷെയ്ക്കും ബബിത ഫോഗട്ടായി സന്യ മൽഹോത്രയും അഭിനയിച്ചിരിക്കുന്നു.

കഴിഞ്ഞ ഡിസംബർ 23 നാണ് സിനിമ റിലീസ് ചെയ്തത്. ആദ്യ ദിനത്തിൽ തന്നെ ഡങ്കൽ 14.3 കോടി രൂപ കളക്ഷൻ നേടിയിരുന്നു. ഇപ്പോൾ ബോക്‌സ് ഓഫീസ് ചരിത്രം തന്നെ ഡങ്കൽ മാറ്റിമറിച്ചിരിക്കുന്നു. വരും ദിവസങ്ങളിലും സിനിമ വിജയകരമായി ഓടുമെന്നതിനാൽ ഡങ്കൽ സ്വന്തം കളക്ഷൻ റെക്കോർഡ് ഇനിയും ഭേദിക്കും.

TAGS: Aamir Khan | Dangal |