ഡിജിറ്റൽ വിശകലനവും പ്രയോഗവും സമസ്തമേഖലകളിലും അനിവാര്യം

Posted on: December 10, 2016

 

കേരള മാനേജ്‌മെന്റ് അസോസിയേഷൻ കൊച്ചിയിൽ സംഘടിപ്പിച്ച യോഗത്തിൽ അമേരിക്കയിലെ മാർലാബ്‌സ് പ്രസിഡന്റും സി ഇ ഒ യുമായ സിബി വടക്കേക്കര പ്രഭാഷണം നടത്തുന്നു.

കേരള മാനേജ്‌മെന്റ് അസോസിയേഷൻ കൊച്ചിയിൽ സംഘടിപ്പിച്ച യോഗത്തിൽ അമേരിക്കയിലെ മാർലാബ്‌സ് പ്രസിഡന്റും സി ഇ ഒ യുമായ സിബി വടക്കേക്കര പ്രഭാഷണം നടത്തുന്നു.

കൊച്ചി : കൃത്യമായ ലക്ഷ്യങ്ങളോടെയുള്ള ഡിജിറ്റൽ വിശകലനവും പ്രയോഗവും, രാഷ്ട്രീയവും ഭരണവും ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും അനിവാര്യമാണെന്ന് യു എസ് എ യിലെ മാർലാബ്‌സ് പ്രസിഡന്റും സി ഇ ഒ യുമായ സിബി വടക്കേക്കര അഭിപ്രായപ്പെട്ടു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ എ എ) ഡിജിറ്റൽ ലോകത്തിലെ സംരംഭകത്വം എന്ന വിഷത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദേഹം.

പല തരത്തിലുള്ള ഡിജിറ്റൽ വിവരങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിലൂടെയാണ് ഈ പ്രക്രിയകളെല്ലാം സാദ്ധ്യമാക്കുന്നത്. ഉപഭോക്തൃ സ്വഭാവം പഠിക്കുന്നതിനും തങ്ങളുടെ വരുമാന വർധനവിന് ഉപയുക്തമാക്കാവുന്ന തരത്തിൽ അതു പ്രവചിക്കുന്നതിനും കോർപറേറ്റ് ലോകത്തു മിക്ക കമ്പനികളും ഇന്ന് ഡിജിറ്റൽ മാർക്കറ്റിംഗ് ഉപയോഗിക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ പുരോഗതി കൊണ്ടു സാധ്യമാകുന്ന ഓട്ടോമേഷൻ ഇന്നുള്ള ഉയർന്ന ശമ്പളമുള്ള അനേകം തൊഴിലവസരങ്ങളെ ഇല്ലാതാക്കുമെന്ന് ഡിജിറ്റൽ വിപ്ലവത്തിന്റെ നിഷേധാത്മകവശങ്ങളെ പരാമർശിച്ച് അദേഹം പറഞ്ഞു.

ഡ്രൈവർലെസ് കാറുകൾ വരുമ്പോൾ ഡ്രൈവർമാർ തൊഴിൽരഹിതരാകും, റോബോട്ടിക് സർജറി വരുമ്പോൾ സർജന്മാർക്കു തൊഴിൽ നഷ്ടമുണ്ടാകും, സപ്ലൈ ചെയിൻ മാനേജ്‌മെന്റിലെ ഓട്ടോമേഷൻ സൂപ്പർ മാർക്കറ്റുകളിലും തൊഴിൽ നഷ്ടമുണ്ടാക്കുമെന്നും അദേഹം ചൂണ്ടിക്കാട്ടി. മറുവശത്ത് സോഫ്റ്റ്‌വെയർ സെക്യൂരിറ്റ് സ്‌പേസ് പോലെ പുതിയ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകുകയും ചെയ്യും. എത്തിക്കൽ ഹാക്കിംഗ്, ഡാറ്റ അനാലിസിസ്, സോഫ്റ്റ് വെയർ ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളിലും ഭാവിയിൽ തൊഴിലവസരങ്ങൾ വർദ്ധിക്കുമെന്നും സിബി വടക്കേക്കര ചൂണ്ടിക്കാട്ടി.

യോഗത്തിൽ കെ എം എ പ്രസിഡന്റ് മാത്യു ഉറുമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. കെ എം എ പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്‌സൺ മരിയ അബ്രാഹം സ്വാഗതവും കെ എം എ ഓണററി സെക്രട്ടറി ആർ. മാധവ് ചന്ദ്രൻ നന്ദിയും പറഞ്ഞു.