റിയൽഎസ്റ്റേറ്റ് റെഗുലേഷൻ ആക്ട് കേരളത്തിൽ നടപ്പാക്കുമെന്ന് നിയമ സെക്രട്ടറി

Posted on: November 26, 2016

credai-harindranath-big

കൊച്ചി : റിയൽഎസ്‌റ്റേറ്റ് റെഗുലേഷൻ ആക്ട് കേരളത്തിൽ വൈകാതെ നടപ്പാക്കുമെന്ന് സംസ്ഥാന നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ്. കേന്ദ്ര ആക്ടിന് സംസ്ഥാനത്തെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഭേദഗതികൾ വരുത്താൻ സാധിക്കുമെന്നും ഇക്കാര്യത്തിൽ റിയൽ എസ്റ്റേറ്റ് സമൂഹത്തിന് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രെഡായ് സ്റ്റേറ്റ് കോൺഫറൻസിൽ ഈ വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു നിയമ സെക്രട്ടറി.

പാർലമെന്റ് പാസാക്കിയ റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആക്ട് അതേപടി നടപ്പാക്കണോ കേരളത്തിനായി സ്വന്തം ആക്ട് വേണമോ എന്ന കാര്യത്തിൽ സർക്കാർ തീരുമാനം വന്നു കഴിഞ്ഞാൽ തുടർ നടപടികൾ വേഗത്തിലുണ്ടാകും. കേന്ദ്ര ആക്ട് നടപ്പാക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ കേരളത്തിൽ റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആക്ട് എത്രയും വേഗത്തിൽ പ്രാബല്യത്തിൽ വരുത്താൻ സാധിക്കും. ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികളോടെ കേന്ദ്ര ആക്ട് നടപ്പാക്കുന്നതാണ് കേരളത്തിന് അനുയോജ്യം. ആക്ട് എത്രത്തോളം ഫലപ്രദമായിരിക്കുമെന്ന് നടപ്പാക്കിയ ശേഷമുള്ള അനുഭവത്തിലൂടെ മാത്രമേ വിലയിരുത്താൻ സാധിക്കുകയുള്ളു.

റിയൽ എസ്റ്റേറ്റ് ആക്ടിലെ ന്യൂനതകൾ സംബന്ധിച്ച് റിയൽ എസ്റ്റേറ്റ് സമൂഹത്തിനുള്ള ആശങ്ക ചട്ടങ്ങൾ തയ്യാറാക്കുമ്പോൾ പരിഗണിക്കുക തന്നെ ചെയ്യും. പദ്ധതിക്ക് ചെവലവാക്കുന്നതിന്റെ 70 ശതമാനം തുക ഡെപ്പോസിറ്റ് ചെയ്യണമെന്ന വ്യവസ്ഥ ബിൽഡർമാർക്ക് പാലിക്കാൻ കഴിയുന്ന വിധത്തിലാകും പ്രയോഗത്തിൽ വരിക. അസാധ്യമായ കാര്യങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെടാൻ ഒരു നിയമത്തിനും സാധ്യമല്ല. ഉത്തരേന്ത്യയിൽ നടപ്പാക്കുന്ന തരത്തിലുള്ള വ്യവസ്ഥകൾ പലതും കേരളത്തിന്റെ ഭൂപ്രകൃതി കൊണ്ടു തന്നെ പ്രായോഗികമല്ല. ഇക്കാര്യങ്ങളിൽ അനുയോജ്യമായ സമയത്ത് ഭേദഗതികൾ ഉണ്ടാകും. എന്നാൽ ഏതെങ്കിലും പ്രത്യേക കാര്യത്തിൽ ഈ ഘട്ടത്തിൽ ഉറപ്പു പറയാൻ കഴിയില്ല.

ഇപ്പോൾ നിർമാണത്തിലിരിക്കുന്ന പദ്ധതികൾക്ക് പുതിയ ആക്ട് ബാധകമാക്കുന്നത് സംബന്ധിച്ച്്് പ്രായോഗിക തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആക്ടിൽ ശിക്ഷാ നടപടികൾക്കുള്ള വ്യവസ്ഥയിൽ റിയൽ എസ്റ്റേറ്റ് സമുഹം ആശങ്കപ്പെടേണ്ടതില്ല. കർശന വ്യവസ്ഥകളുണ്ടെങ്കിലും വിവേചന രഹിതമായ നടപടികളൊന്നും ഇക്കാര്യത്തിൽ ഉണ്ടാകില്ല. ഏതെങ്കിലും നിയമം സമൂഹത്തിന്റെ താൽപര്യങ്ങൾക്കെതിരാണെങ്കിൽ ആ നിയമമാകും പുറത്തു പോകുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആക്ടുമായി ബന്ധപ്പെട്ട ആശങ്കകൾ പാനൽ ചർച്ചയിൽ പങ്കെടുത്ത ക്രെഡായ് ദേശീയ വൈസ് പ്രസിഡണ്ട് രഘുചന്ദ്രൻനായർ, ക്രെഡായ് കേരള ജനറൽ കൗൺസിൽ മെമ്പർ അബ്ദുൾ അസീസ്, ക്രെഡായ് തിരുവനന്തപുരം ചാപ്റ്റർ പ്രസിഡണ്ട്്് എസ് കൃഷ്ണകുമാർ, മോഡറേറ്ററായ കെ പി എം ജിയുടെ ജയേഷ് കരിയ എന്നിവരും പൊതു ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികളും പങ്കുവെച്ചു.