സ്വർണവ്യവസായ മേഖല സർക്കാരിനു ധവള പത്രം സമർപ്പിക്കും

Posted on: October 21, 2016

gold-bars-big

കൊച്ചി : സ്വർണ വ്യാപാര മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടൽ നടത്തണമെന്ന് ഇന്ത്യാ ഗോൾഡ് പോളിസി സെന്ററും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയും സംയുക്തമായി ഡൽഹിയിൽ സംഘടിപ്പിച്ച സമ്മേളനം ആവശ്യപ്പെട്ടു. ഉയർന്ന നികുതിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് സ്വർണവ്യവസായ മേഖല സർക്കാരിനു ധവള പത്രം സമർപ്പിക്കും

മുതിർന്ന സാമ്പത്തിക വിദഗ്ധർ, ബുള്ളിയൻ ബാങ്കുകൾ, ഇറക്കുമതി ഏജൻസികൾ, സേവനദാതാക്കൾ, റിഫൈനർമാർ, ആഭരണ നിർമാതാക്കൾ വിതരണക്കാർ ജുവല്ലറികൾ, ഹാൾമാർക്കിംഗ് ഏജൻസികൾ തുടങ്ങിയവർ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വെച്ചു. ഉയർന്ന ഇറക്കുമതി തീരുവ, പ്രവേശന നികുതി, ഒക്‌ട്രോയ്, എക്‌സൈസ് തീരുവ, വാറ്റ് തുടങ്ങിയ വിവിധങ്ങളായ ഘടകങ്ങൾ ഡിമാൻഡിനെ മോശമായി ബാധിച്ചുവെന്ന് യോഗം വിലയിരുത്തി.

കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. സൗരഭ് ഗാർഗ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. കസ്റ്റംസ് തീരുവ പത്തു ശതമാനമായി ഉയർത്തിയത് ഉപഭോക്താക്കളിൽ നിന്നുള്ള ഡിമാൻഡ് കുറക്കാൻ മാത്രമല്ല, കള്ളക്കടത്തു വർധിക്കാനും വഴിയൊരുക്കിയതായി ചടങ്ങിൽ സംസാരിച്ച ഐഐഎം അഹമ്മദാബാദിലെ ഇന്ത്യാ ഗോൾഡ് പോളിസി സെന്റർ മേധാവി പ്രഫ. അരവിന്ദ് സഹായ് ചൂണ്ടിക്കാട്ടി. ഇതേ സമയം സ്വർണ മേഖലയിൽ കൂടുതൽ സുതാര്യത കൊണ്ടു വരാനുള്ള സർക്കാർ നീക്കങ്ങൾ സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ സംബന്ധിച്ച് സുപ്രധാനമായ ആസ്തിയാണ് സ്വർണമെന്ന് ഐഐഎം അഹമ്മദാബാദ് ഡയറക്ടർ പ്രഫ. അഷീഷ് നന്ദ ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ നൻമയ്ക്കായി വ്യക്തമായ നയങ്ങൾ തയാറാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ സ്വർണ നയത്തിൽ തുറന്ന ചിന്താഗതിയും ശ്രദ്ധയോടുകൂടിയുള്ള സമീപനവും ആവശ്യമാണെന്ന് എൻ ഐ പി എഫ് പി ഡയറക്ടർ ഡോ. രതിൻ റോയ് പറഞ്ഞു.