കല്യാൺ ജൂവല്ലേഴ്‌സ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യ സ്‌പോൺസർ

Posted on: October 17, 2016

kalyan-showroom-big

കൊച്ചി : കല്യാൺ ജൂവല്ലേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പ്രധാന സ്‌പോൺസറാകുന്നു. ഇതാദ്യമായാണ് ദേശീയതലത്തിൽ പ്രതിഷ്ഠ നേടിയ ആഭരണബ്രാൻഡ് ഒരു ഐഎസ്എൽ ടീമുമായി കൈകോർക്കുന്നത്. ഇതുവഴി ഫുട്‌ബോൾ ലീഗിന്റെ പ്രശസ്തി കൂടുതൽ ഉയരങ്ങളിലേയ്‌ക്കെത്തും.

പ്രധാന സ്‌പോൺസർ എന്ന നിലയിൽ കല്യാൺ ജൂവല്ലേഴ്‌സിന്റെ ബ്രാൻഡ് കേരള ബ്ലാസ്‌റ്റേഴ്‌സ് കളിക്കാരുടെ ജേഴ്‌സിയുടെ മുൻവശത്തുതന്നെ പ്രദർശിപ്പിക്കും. കൂടാതെ ഇൻ-സ്റ്റേഡിയ ബ്രാൻഡിംഗിലും ഓൺലൈൻ ബ്രാൻഡിംഗിലും കല്യാൺ ഉൾപ്പെടുത്തും. കേരള ബ്ലാസ്റ്റേഴ്‌സ് അടുത്തപ്രാവശ്യം കളിക്കളത്തിൽ ഇറങ്ങുന്നതു മുതൽ കല്യാൺ ജൂവല്ലേഴ്‌സുമായുള്ള കൂട്ടുകെട്ട് ആരംഭിക്കും.

ഐഎസ്എലിൽ ഒട്ടേറെ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്‌സുമായി പങ്കുചേരുന്നതിൽ ഏറെ ആഹ്ലാദമുണ്ടെന്ന് കല്യാൺ ജൂവല്ലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി. എസ്. കല്യാണരാമൻ പറഞ്ഞു. ഇന്ത്യൻ ഫുട്‌ബോൾ രംഗവുമായി പങ്കാളികളാകുന്നതുവഴി ഞങ്ങളുടെ ഉപയോക്താക്കൾക്കായി പ്രത്യേകമായൊരു അനുഭവമൊരുക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കല്യാൺ ജൂവല്ലേഴ്‌സിനെ പ്രധാന പങ്കാളിയായി സ്വാഗതും ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ സിഒഒ അമിത് കോഹ്‌ലി പറഞ്ഞു. ആകർഷകമായ കോ-ബ്രാൻഡിംഗ് ഓഫറുകൾ പങ്കാളികൾക്കായി നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അമിത് കോഹ്‌ലി പറഞ്ഞു.