സ്മാർട്‌സിറ്റി പദ്ധതിക്ക് ദക്ഷിണ കൊറിയയിലും തുടക്കമായി

Posted on: October 7, 2016

smartcity-korea-laiunching

സോൾ : സ്മാർട്‌സിറ്റി കൊച്ചിയുടെ പ്രമോട്ടറായ ദുബായ് ഹോൾഡിംഗിന്റെ നേതൃത്വത്തിൽ ദക്ഷിണ കൊറിയയിലും സ്മാർട്‌സിറ്റി പദ്ധതിക്ക് തുടക്കമായി. ഇതുസംബന്ധിച്ച കരാറിൽ ദുബായ് ഹോൾഡിംഗും ദക്ഷിണ കൊറിയയും ഒപ്പുവെച്ചു. സോളിൽ നടന്ന ചടങ്ങിൽ ദുബായ് ഹോൾഡിംഗിന്റെ നിയുക്ത ചെയർമാനും യുഎഇ കാബിനറ്റ്കാര്യ മന്ത്രിയുമായ മുഹമ്മദ് അബ്ദുള്ള അൽ ഗർഗാവിയുടെയും കൊറിയൻ പട്ടണമായ ഇഞ്ചിയോൺ മേയർ യൂ ഷിയോങ് ബോക്കിന്റെയും യുഎഇയിലെയും ദക്ഷിണ കൊറിയയിലെയും സർക്കാർ, ബിസിനസ് പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് സ്മാർട്‌സിറ്റി കൊറിയ പദ്ധതിക്ക് ആരംഭം കുറിച്ചത്.

സോൾ, ഇഞ്ചിയോൺ പട്ടണങ്ങൾക്കിടയിൽ 5.1 കോടി ച.അടി വിസ്തൃതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. സ്മാർട്‌സിറ്റി പദ്ധതികൾ നടപ്പാക്കുന്നതിൽ യുഎഇക്കുള്ള പരിചയസമ്പന്നതയും ദക്ഷിണ കൊറിയയുടെ സാങ്കേതിക മികവും ഒത്തിണങ്ങുന്നതാകും സ്മാർട്‌സിറ്റി കൊറിയ പദ്ധതി.

സുസ്ഥിരമായ ആഗോള സമ്പദ് വ്യവസ്ഥ ഉറപ്പുവരുത്തുന്നതിനു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ്‌ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും വിഭാവനം ചെയത് ദുബായ് ഹോൾഡിംഗ് നടപ്പാക്കുന്ന സ്മാർട്‌സിറ്റി ശൃംഖലയിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് സ്മാർട്‌സിറ്റി കൊറിയയെന്ന് മുഹമ്മദ് അബ്ദുള്ള അൽ ഗർഗാവി പറഞ്ഞു. യുഎഇയും ദക്ഷിണ കൊറിയയും തമ്മിലുള്ള ഈ അന്താരാഷ്ട്ര സംരംഭം ഇരുരാജ്യങ്ങളുടെയും സമ്പദ്ഘടനയിൽ ക്രിയാത്മകമായ സംഭാവന നൽകുമെന്നും ഇരുരാജ്യങ്ങൾക്കുമിടയിലെ സൗഹൃദബന്ധം കൂടുതൽ ദൃഢമാകാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണ കൊറിയയും യുഎഇയുമായി നിലനിൽക്കുന്ന വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടാൻ സ്മാർട്‌സിറ്റി കൊറിയ സഹായകമാകുമെന്ന് ഇഞ്ചിയോൺ മേയർ യൂ ഷിയോങ്-ബോക് പറഞ്ഞു. ആഗോളതലത്തിൽ വികസിക്കുന്ന സ്മാർട്‌സിറ്റി ശൃംഖലയിൽ കേരളത്തിനുമൊരു കണ്ണിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ചടങ്ങിന് നൽകിയ വീഡിയോ സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ്ഘടനയിൽ നോളജ് ഇക്കോണമി നിർണായക പങ്കാണ് വഹിക്കുന്നതെന്നും ഇതിൽ സ്മാർട്‌സിറ്റിയുടെ സംഭാവന അമൂല്യമാണെന്നും പിണറായി വിജയൻ പറഞ്ഞു.

ദുബായ് ഹോൾഡിങ്ങിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന മൂന്നാമത്തെ സ്മാർട്‌സിറ്റി പദ്ധതിയാണ് സ്മാർട്‌സിറ്റി കൊറിയ. മാൾട്ടയിലെ സ്മാർട്‌സിറ്റി 2014-ൽ ഉദ്ഘാടനം ചെയ്തിരുന്നു.