സ്റ്റാർട്ടപ്പ് വില്ലേജിൽ വിസിറ്റിംഗ് ഫാക്കൽട്ടിയായി പ്രൊഫൗണ്ടിസ് സ്ഥാപകർ

Posted on: August 26, 2016

Arjun-and-Joffin-Big

കൊച്ചി : പ്രൊഫൗണ്ടിസ് ലാബ് സ്ഥാപകരായ അർജ്ജുൻ ആർ. പിള്ള, ജോഫിൻ ജോസഫ് എന്നിവർ സ്റ്റാർട്ടപ്പ് വില്ലേജിൽ വിസിറ്റിംഗ് ഫാക്കൽറ്റിയായി എത്തുന്നു. സിലിക്കൺ വാലിയിലെ സ്ഥാപകനേതാക്കളുടെ പാത പിന്തുടർന്നാണ് അറിവു പങ്കിടുന്നതിനും പുതുസംരഭകരെ സഹായിക്കാൻ ഇവരെത്തുന്നത്.

ഇന്ത്യയിലെ വിദ്യാർഥിസമൂഹത്തിന് പ്രചോദനമാണ് പ്രൊഫൗണ്ടിസിന്റെ വിജയമെന്ന് സ്റ്റാർട്ടപ്പ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ പറഞ്ഞു. ഉത്പന്ന സംരംഭക അനുഭവപരിചയമുള്ള മെന്റർമാർ രാജ്യത്ത് വളരെ കുറവാണെന്ന് സ്റ്റാർട്ടപ്പ് വില്ലേജ് ചീഫ് മെന്റർ ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു. ഡിജിറ്റൽ പതിപ്പായ എസ്‌വി.കോ വഴി ഈ അറിവുകൾ ഇന്ത്യയിലുടനീളമുള്ള വിദ്യാർഥികളുമായി പങ്കുവയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്‌വി.കോയുടെ സ്റ്റാർഇൻ കോളജ് പദ്ധതിയുടെ ഭാഗമായ ഓഫീസ് അവേഴ്‌സിൽ ഗൂഗിൾ ഹാംഗ് ഔട്ട് വഴി 20 മിനിറ്റ് ദൈർഘ്യമുള്ള ഓൺലൈൻ സെഷനുകളിലൂടെ എൻജിനീയറിംഗ് വിദ്യാർഥികൾക്ക് വ്യവസായത്തിലെ മെന്റർമാരിൽ നിന്ന് പഠിക്കാനും സംശയങ്ങൾ മാറ്റാനും കഴിയും.

നിക്ഷേപസമാഹരണവും ലോകത്തുടനീളമുള്ള സംരംഭക അവസരങ്ങൾ കണ്ടെത്തുന്നതും സംബന്ധിച്ച് പ്രൊഫൗണ്ടിസ് സിഇഒ അർജ്ജുൻ ആർ. പിള്ള തന്റെ ആഗോളതല അനുഭങ്ങൾ പങ്കുവയ്ക്കും. സ്റ്റാർട്ടപ്പ് ടീമുകൾ സൃഷ്ടിക്കുന്നതും സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും ജോഫിൻ ജോസഫ് പഠിപ്പിക്കും.

തങ്ങളുടെ അറിവുകളും അനുഭവങ്ങളും പങ്കുവയ്ക്കുകയെന്നതാണ് സംരംഭകസമൂഹത്തിന് തങ്ങൾക്ക് നൽകാവുന്ന ഏറ്റവും വലിയ പ്രതിഫലമെന്ന് അർജ്ജുൻ ആർ പിള്ള പറഞ്ഞു.