ഡിപി വേൾഡ് കണ്ടെയ്‌നർ റെയിൽ സർവീസിന് ഒരുങ്ങുന്നു

Posted on: August 25, 2016

DP-World-Terminal-Big

കൊച്ചി : റെയിൽ വഴിയുള്ള കണ്ടെയ്‌നർ നീക്കം ശക്തിപ്പെടുത്താൻ ഡിപി വേൾഡ് ഒരുങ്ങുന്നു. ഇന്ത്യൻ റെയിൽവെ നൽകിയ കാറ്റഗറി 1 ലൈസൻസ് ഉള്ളതിനാൽ 20 വർഷത്തേക്ക് ഇന്ത്യയിലെ ഏത് തുറമുഖത്തുനിന്നും ഏത് ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോയിലേക്കും കണ്ടെയ്‌നർ റെയിൽ സേവനം നൽകാനാവും.

കുറഞ്ഞ സമയത്തിനുള്ളിൽ ചരക്കിന് കേടുപാടുകൾ, മോഷണം എന്നിവ കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാൻ സാധിക്കും. റോഡ് മാർഗ്ഗം 26 മുതൽ 33 ടൺ കൊണ്ടുപോകാൻ സാധിക്കുന്നിടത്ത് റെയിൽ വാഗണിൽ 61 ടൺ ഭാരം വരെ അനുവദനീയമാണ്. കപ്പലിന്റെ സമയക്രമം അനുസരിച്ചായതിനാലും ചെക്ക്‌പോസ്റ്റുകളിലെ താമസം ഒഴിവാകുന്നതിനാലും കുറഞ്ഞ സമയം മാത്രമേ യാത്രയ്ക്കായി വേണ്ടിവരു. കണ്ടെയ്‌നർ ഡിപ്പോകളിൽ നിന്നും ലക്ഷ്യസ്ഥാനത്തേക്ക് ട്രക്ക് സർവീസും ലഭ്യമാക്കുന്നുണ്ട്.

ചെന്നൈ-ബാംഗ്ലൂർ-കൊച്ചി, നവ ഷേവ-കാൺപൂർ-ഇൻഡോർ എന്നീ പുതിയ റൂട്ടുകൾ താമസിയാതെ ആരംഭിക്കും. നിലവിൽ 315 ബിഎൽസി വാഗണുകൾ 45 വീതമായി ഏഴു റേക്കുകൾ കണ്ടെയ്‌നർ റെയിൽ റോഡ് സർവീസിന്റേതായുണ്ട്. 90 ടിഇയു കണ്ടെയ്‌നറുകൾ അഥവാ ഡബിൾ സ്റ്റാക്ക് ചെയ്ത് 180 ടിഇയു ഓരോ ട്രെയിനലും കൈകാര്യം ചെയ്യാനാകും.

കപ്പലുകളെ ഇടപാടുകാരുടെ ഏറ്റവും അടുത്തെത്തിക്കുവാൻ പരിസ്ഥിതി സൗഹൃദവും ഉർജ്ജക്ഷമവും അത്യാധുനികവുമായ നടപടികളുടെ ഭാഗമാണ് കണ്ടെയ്‌നർ റെയിൽ സേവനങ്ങൾ എന്ന് ഡിപി വേൾഡ് സീനിയർ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അനിൽ സിംഗ് പറഞ്ഞു.

TAGS: DP World |