ബാങ്ക് പണിമുടക്ക് : ഇടപാടുകാർ പ്രതിഷേധിച്ചു

Posted on: July 29, 2016

Eby-J-Jose-bank-strike-Big

പാലാ : ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനെതിരെ ഇടപാടുകാരുടെ പ്രതിഷേധം. ബാങ്ക് ജീവനക്കാർ നടത്തിയ പൊതുപണിമുടക്കിൽ പ്രതിഷേധിച്ച് ബാങ്ക് ഉപഭോക്താക്കൾ പാലാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഇടപാടുകാരെ വലയ്ക്കരുതെന്നുമാവശ്യപ്പെട്ടായിരുന്നു ധർണ്ണ സംഘടിപ്പിച്ചത്.

ബാങ്കുകൾ വിവിധ ചാർജ്ജുകൾ ചുമത്തി ഇടപാടുകാരെ വലയ്ക്കുകയാണെന്നും ഇടപാടുകാർക്കുള്ള സൗജന്യസൗകര്യങ്ങൾ വൻതോതിൽ വെട്ടിക്കുറച്ചതായും സമരക്കാർ ആരോപിച്ചു. ജീവനക്കാരുടെ സമരം മൂലം ഇടപാടുകാർക്കുണ്ടായ നഷ്ടം ജീവനക്കാരിൽനിന്ന് ഈടാക്കി നൽകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധം കേരള സാംസ്‌കാരിക വേദി പ്രസിഡന്റ് അഡ്വ. സന്തോഷ് മണർകാട്ട് ഉദ്ഘാടനം ചെയ്തു.

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. യുവജന ഐക്യവേദി പ്രസിഡന്റ് ആർ. മനോജ്, ബെന്നി മൈലാടൂർ, കെ.ആർ. സൂരജ്, അനിൽ വി. നായർ, സജീവ് സുരഭി എന്നിവർ പ്രസംഗിച്ചു.