ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സബ് റീജണൽ കോൺഫറൻസ്

Posted on: July 20, 2016

ICAI-Sub-regional-Conferenc

കൊച്ചി : ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സബ് റീജണൽ കോൺഫറൻസ് ഐ സി എ ഐ ദേശീയ പ്രസിഡന്റ് എം ദേവരാജ റെഡ്ഡി കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു. ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ യുവതലമുറ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയും സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിക്കായി സംഭാവനകൾ അർപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഐ സി എ ഐ യുടെ വിദ്യാഭ്യാസ, പരിശീലന റിവ്യൂ കമ്മിറ്റി തയ്യാറാക്കിയ സി എ കോഴ്‌സിനുള്ള പുതിയ വിദ്യാഭ്യാസ പരിശീലന പദ്ധതി 2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് ശ്രീ റെഡ്ഡി പറഞ്ഞു. ജി എസ് ടി നിയമത്തിനുള്ള പശ്ചാത്തല സംവിധാനങ്ങൾ സജ്ജമാക്കുന്നതിനും ഈയിടെ പ്രഖ്യാപിച്ച വരുമാനം വെളിപ്പെടുത്തൽ പദ്ധതിയുടെ വിജയത്തിനായും ഐ സി എ ഐ കേന്ദ്ര ഗവൺമെന്റുമായി സഹകരിച്ചു വരികയാണ്. റെയിൽ വേയുടെ അക്കൗണ്ടിംഗ് സംവിധാനം ഡബിൾ എൻട്രി ആക്കുന്നതിനു സി എ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അക്കൗണ്ടിംഗ് റിസർച്ച് ഫൗണ്ടേഷൻ ഇന്ത്യൻ റെയിൽ വേയുമായി സഹകരിക്കുന്നുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.

ഐ സി എ ഐ യുടെ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ബാബു അബ്രാഹം കള്ളിവയലിൽ, ഐ സി എ ഐ കേന്ദ്ര കമ്മിറ്റി അംഗം നിഹാർ എൻ ജംബുസാരിയ, ഐ സി എ ഐ കേന്ദ്ര കമ്മിറ്റി അംഗം ശ്രീപ്രിയ കുമാർ എന്നിവർ പ്രസംഗിച്ചു. ഐ സി എ ഐ യുടെ എസ് ഐ ആർ സി എറണാകുളം ശാഖാ ചെയർമാൻ ടി എൻ സുരേഷ്, സ്വാഗതം പറഞ്ഞു. ഐ സി എ ഐ യുടെ എസ് ഐ ആർ സി ചെയർമാൻ ഇ ഫൽഗുന കുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ സി എ ഐ യുടെ എസ് ഐ ആർ സി സെക്രട്ടറി ജോമോൻ കെ ജോർജ് നന്ദി പറഞ്ഞു.

ഇ ഫൽഗുന കുമാർ, ചിന്നസ്വാമി ഗണേശൻ, ടി ബാനുശേഖർ, ശ്രീപ്രിയ കുമാർ എന്നിവർ കോൺഫ്രൻസിൽ വിവിധ വിഷയങ്ങളെ കുറിച്ചു സംസാരിച്ചു.