ഡിപി വേൾഡിന് 29% വളർച്ച

Posted on: July 13, 2016

D-P-World-kochi-@-night-Big

കൊച്ചി : ഡിപി വേൾഡ് നടത്തിവരുന്ന അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ 2016 ലെ ആദ്യ ആറ് മാസങ്ങളിൽ 29% വളർച്ച കൈവരിച്ചു. നടപ്പുവർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 350-ൽ അധികം കപ്പലുകളിലെ രണ്ട് ലക്ഷത്തിലധികം ടിഇയു കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തു. ഗാൻട്രി ക്രെയ്ൻ മൂവുകൾ മണിക്കൂറിൽ മുപ്പതിൽ അധികമായിരുന്നു.

ടെർമിനൽ സേവനങ്ങൾ മെയിൻ ലൈൻ കപ്പലുകളും ഫീഡർ സർവീസുകളും കൂടുതലായി ഉപയോഗിച്ചു. ഫാർ ഈസ്റ്റ്, മിഡിൽ ഈസ്റ്റ്, യൂറോപ്പ് സർവീസുകൾ വളരെ നല്ല പ്രകടനം കാഴ്ച്ചവെച്ചു. സോഡിയാക് എന്ന ഇന്റലിജന്റ് ടെർമിനൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് തുടക്കം കുറിച്ചു്. ഡിപി വേൾഡ് സ്വന്തമായി വികസിപ്പിച്ചെടുത്ത ഈ സംവിധാനത്തിന്റെ സ്മാർട്ട് കൺട്രോളുകൾ ഉപയോഗിച്ച് ഗേറ്റ്-യാർഡ്-റെയിൽ-വെസൽ എന്നിവയുടെ തത്സമയ ഏകോപനം സാധ്യമാണ്.

പുതിയ സോഡിയാക് ടെർമിനൽ ഓപ്പറേറ്റിംഗ് സംവിധാനത്തിന്റെ സഹായത്തോടെ കുറഞ്ഞ ചെലവിലും സമയത്തിലും കൂടുതൽ ഉത്പാദന ക്ഷമത കൈവരിക്കുവാനും ഈ രംഗത്തെ ഏറ്റവും മികച്ച കസ്റ്റമർ സർവ്വീസ് നൽകാനും സാധിക്കുമെന്ന് ഡിപി വേൾഡ് കൊച്ചിയുടെ സിഇഒ ജിബു കുര്യൻ ഇട്ടി പറഞ്ഞു. വിവിധ സംഘടനകളുടെ സഹകരണത്തോടെ നടത്തിയ പ്രവർത്തനങ്ങളിലൂടെ നടപടിക്രമങ്ങൾ ലഘൂകരിക്കുവാൻ ഇടയായി. കർണാടകയിലെ ബാംഗ്ലൂരിലേക്കും സമീപ പ്രദേശങ്ങളിലേക്കും കണക്ടിവിറ്റി മെച്ചപ്പെടുത്തുവാനും ശ്രമിച്ചു വരികയാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു.