വ്യവസായാന്തരീക്ഷം മെച്ചപ്പെടുത്താൻ കെഎസ്‌ഐഡിസി

Posted on: June 25, 2016

KSIDC---KPMG-mou-Bigകൊച്ചി : ലോകബാങ്ക് നിർദ്ദേശപ്രകാരമുള്ള ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സംരംഭങ്ങൾ കേരളത്തിൽ നടപ്പാക്കുന്നതിനുള്ള നോഡൽ ഏജൻസിയായി കെഎസ്‌ഐഡിസിയെ സർക്കാർ നിയോഗിച്ചു. കേന്ദ്രസർക്കാരിനു കീഴിലുള്ള ഡിപ്പാർട്‌മെന്റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രമോഷൻ (ഡിഐപിപി)യുടെ റാങ്കിംഗിന് അനുസൃതമായി കേരളത്തിൽ വാണിജ്യ, വ്യവസായ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

സർക്കാരിന്റെ നിർദ്ദേശപ്രകാരം കെപിഎംജിയെ കൺസൾട്ടന്റുമാരായി കെഎസ്‌ഐഡിസി നിയോഗിച്ചിട്ടുണ്ട്. കേരളത്തിലെ ഈസ്ഓഫ്ഡൂയിംഗ് ബിസിനസ് സംരംഭം ആസ്പദമാക്കി വിവിധ വകുപ്പുകളുടെ ചട്ടങ്ങളും നിയമങ്ങളും ലഘൂകരിക്കാനും അവയുടെ നവീകരണത്തെപ്പറ്റിയും പഠനംനടത്തി റിപ്പോർട്ട് സമർപ്പിക്കുകയുമാണ് കെപിഎംജിയുടെ ചുമതല. കേരളത്തിൽ വാണിജ്യ വ്യവസായങ്ങൾ എളുപ്പത്തിൽ നടത്താൻ ആവശ്യമായ നിർദ്ദേശങ്ങളും ഇവർ സമർപ്പിക്കും.

കൺസൾട്ടൻസി കരാറിന്റെ ഔപചാരികമായ ഒപ്പുവയ്ക്കൽ തിരുവനന്തപുരത്ത് വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യന്റെ സാന്നിധ്യത്തിൽ കെഎസ്‌ഐഡി സിഎംഡി ഡോ. എം. ബീനയും കെപിഎംജി പ്രതിനിധികളും നിർവഹിച്ചു. പഠനം പൂർത്തിയായിക്കഴിഞ്ഞാൽ നവീകരണ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനു വേണ്ടി കെഎസ്‌ഐഡിസി സർക്കാരിനു കൈമാറും.

TAGS: KPMG | KSIDC |