ഈസ്‌റ്റേൺ ചെമ്മീൻ ഷോർട്ട് ഫിലിം അവാർഡ് വിതരണം 22 ന്

Posted on: June 19, 2016

Eastern-Chemmeen-Short-Film

കൊച്ചി : ഈസ്‌റ്റേൺചെമ്മീൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡ് പ്രഖ്യാപനവും വിതരണവും ജൂൺ 22 ന് കൊച്ചിയിൽ നടക്കും. പത്മ തീയേറ്ററിൽ വൈകുന്നേരം നാലിന് സംഘടിപ്പിക്കുന്ന ചടങ്ങിൽ മലയാള സിനിമയിലെ ഇതിഹാസ നായകൻ പത്മശ്രീ മധു മുഖ്യാതിഥിയായിരിക്കും. പ്രശസ്ത സംവിധായകരായ കമൽ, ബി ഉണ്ണികൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. പ്രശസ്ത സിനിമ സംവിധായകൻ ഡോ. ബിജുവിന്റെ നേതൃത്വത്തിലുള്ള ജൂറി അംഗങ്ങളാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

മികച്ച ഷോർട്ട് ഫിലിമിന് ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും, ട്രോഫിയുമാണ് പുരസ്‌കാരം. കൂടാതെ മറ്റ് ഏഴു വിഭാഗങ്ങളിലും അവാർഡുകൾ നൽകുന്നുണ്ട്. അവാർഡ് വിതരണത്തിനു ശേഷം വിജയിച്ച ചിത്രങ്ങളുടെ പ്രദർശനവുമുണ്ടായിരിക്കും. ആദ്യ പതിപ്പിൽ തന്നെ രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള നിരവധി ചലച്ചിത്ര പ്രേമികളെ ആകർഷിക്കാൻ ഈസ്‌റ്റേൺ-ചെമ്മീൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡ് 2016 നു കഴിഞ്ഞു.

ഗ്ലോബൽ കെ മാഗസിന്റെ പ്രസാധകരായ ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ എക്‌സലൻസാണ് ഈസ്‌റ്റേൺ-ചെമ്മീൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡിന്റെ മുഖ്യ സംഘാടകർ. മലയാള സിനിമാചരിത്രത്തിൽ ആദ്യമായി ദേശീയ പുരസ്‌കാരം നേടിത്തന്ന അനശ്വരചിത്രം ചെമ്മീനിനെ ആദരിക്കുന്നതിനോടൊപ്പം ദൃശ്യ വിനിമയരംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ ഉദ്യമം ലക്ഷ്യമാക്കുന്നത്.