നേഴ്‌സുമാരുടെ ആഗോള സമ്മേളനം 18 മുതൽ ഗ്ലാസ്‌ഗോയിൽ

Posted on: June 17, 2016

 

Royal-College-of-Nursing-Lo

ലണ്ടൻ : നേഴ്‌സുമാരുടെ ആഗോള സമ്മേളനത്തിനായി ലണ്ടനിലെ ഗ്ലാസ്‌ഗോ ഒരുങ്ങി. ജൂൺ 18 മുതൽ 22 വരെയാണ് റോയൽ കോളജ് ഓഫ് നേഴ്‌സിംഗ് കോൺഗ്രസും വാർഷിക ജനറൽ ബോഡി യോഗവും (ആർ സി എൻ 2016) നടക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നായി 5600 പ്രതിനിധികൾ ഇത്തവണ സമ്മേളനത്തിൽ പങ്കെടുക്കും.

ഗ്ലാസ്‌ഗോയിലെ സ്‌കോട്ടിഷ് എക്‌സിബിഷൻ ആൻഡ് കോൺഫറൻസ് സെന്ററിലാണ് സമ്മേളനം നടക്കുക. രാജ്യാന്തര പ്രദർശനവും വിദ്യാഭ്യാസ സെഷനുകളും മികച്ച ഗവേഷണങ്ങളും ചർച്ച ചെയ്യപ്പെടുന്ന സമ്മേളനത്തിൽ ആഗോളതലത്തിൽ നേഴ്‌സുമാർ നേരിടുന്ന പ്രശ്‌നങ്ങളും ചർച്ച ചെയ്യും. ആരോഗ്യ മേഖലയിലെ വിദഗ്ധരും നേഴ്‌സുമാരും അഞ്ച് ദിവസം നീളുന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും.

1916 ൽ 34 അംഗങ്ങളുമായി ആരംഭിച്ച നേഴ്‌സുമാരുടെ പ്രഫഷണൽ സംഘടനയായ കോളജ് ഓഫ് നേഴ്‌സിംഗ് ഇന്ന് നാലര ലക്ഷത്തിലേറെ നഴ്‌സുമാർ അംഗങ്ങളായുള്ള പ്രബല സംഘടനയാണ്. 1919 ൽ കോളജ് ഓഫ് നേഴ്‌സിങ്ങിന്റെ ശക്തമായ പ്രചാരണത്തെ തുടർന്നാണ് നേഴ്‌സസ് ആക്ട് നിലവിൽ വന്നത്. 1939 ൽ ജോർജ് ആറാമൻ റോയൽ എന്ന പദവി സംഘടനയ്ക്ക് നൽകുകയായിരുന്നു. 1976 ൽ റോയൽ കോളജ് ഓഫ് നേഴ്‌സിംഗ് (ആർ സി എൻ) ട്രേഡ് യൂണിയൻ സംഘടനയായി രജിസ്റ്റർ ചെയ്തു.

യൂറോപ്പിലും ആഗോളതലത്തിലും ആരോഗ്യ നയങ്ങളും നേഴ്‌സിംഗ് നയങ്ങളും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് ആർ സി എൻ വഹിക്കുന്നത്. നിലവിൽ ഇരുപതിനായിരത്തിലേറെ മലയാളി നഴ്‌സുമാർ ആർ സി എൻ അംഗങ്ങളായുണ്ട്. യു കെ നേഴ്‌സിംഗ് മേഖലയിലെ 60 ശതമാനം പേരും ഇതിൽ അംഗങ്ങളാണ്. നേഴ്‌സുമാരുടെ പ്രശ്‌നങ്ങളും തൊഴിൽ സംബന്ധമായ കാര്യങ്ങളും സഹായങ്ങളും ജോലി കണ്ടെത്തുവാനുള്ള സഹായങ്ങളും നൽകി വരുന്ന ആർ സി എൻ ആരോഗ്യമേഖലയിൽ നിരവധി സ്ഥാപനങ്ങളും നടത്തി വരുന്നുണ്ട്.

Abrahaam-Jose-Big

ആഗോളതലത്തിൽ ആരോഗ്യമേഖലയും നേഴ്‌സിംഗ് മേഖലയും നേരിടുന്ന പ്രശ്‌നങ്ങൾ ഇത്തവണ വിശദമായി ചർച്ച ചെയ്യുമെന്നും ഈ മേഖലയിലെ പുതിയ നയരൂപീകരണം സംബന്ധിച്ച് വിശദമായ ചർച്ചകൾക്ക് സമ്മേളനം തുടക്കം കുറിക്കുമെന്നും സമ്മേളനത്തിൽ വോട്ട് അവകാശമുള്ള പ്രതിനിധിയും മലയാളിയും യുക്മ നേഴ്‌സസ് ഫോറം പ്രസിഡന്റുമായ എബ്രഹാം ജോസ് പൊന്നുംപുരയിടം പറഞ്ഞു. മലയാളി നേഴ്‌സുമാരുടെ തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്താനും മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ ഉറപ്പ് വരുത്താനും ഇന്ത്യൻ സമൂഹത്തിന് ഗുണപരമായ നയരൂപീകരണം നടത്താനും ആത്മാർഥമായ ശ്രമം ഉണ്ടാകുമെന്നും അബ്രഹാം ജോസ് പറഞ്ഞു.