റെയിൽവേ വികസനം : സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെയെന്ന് മന്ത്രി സുരേഷ് പ്രഭു

Posted on: June 16, 2016
ഇൻവെസ്റ്റർ എജുക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ടിന്റെ ആഭിമുഖ്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ  എറണാകുളം ശാഖ ഐ സി എ ഐ ഭവനിൽ സംഘടിപ്പിച്ച നിക്ഷേപക ബോധവത്ക്കരണ പരിപാടി കേന്ദ്ര റെയിൽവേ മന്ത്രിയും ചാർട്ടേഡ് അക്കൗണ്ടന്റുമായ സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്യുന്നു. (ഇടത്തു നിന്ന്) ലൂക്കോസ് ജോസഫ്, ടി എൻ സുരേഷ്, ജോമോൻ കെ ജോർജ്, കേന്ദ്ര കൃഷി ഭക്ഷ്യോത്പാദന മന്ത്രി സഞ്ജീവ് കുമാർ ബല്യാൺ, ബാബു എബ്രഹാം കള്ളിവയലിൽ, പി റ്റി ജോയ് തുടങ്ങിയവർ സമീപം.

കൊച്ചി :റെയിൽവേ വികസനം സംസ്ഥാന തലത്തിൽ നടപ്പാക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തു വരികയാണെന്നു കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭാകർ പ്രഭു. ഭാരത സർക്കാരിന്റെ കീഴിലുള്ള കോർപറേറ്റ് മന്ത്രാലയത്തിന്റെ ഇൻവെസ്റ്റർ എജുക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ടിന്റെ ആഭിമുഖ്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എറണാകുളം ശാഖയുടെ ദിവാൻസ് റോഡിലുള്ള ഐ സി എ ഐ ഭവനിൽ സംഘടിപ്പിച്ച നിക്ഷേപക ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല വിദേശരാജ്യങ്ങളും ഇന്ത്യൻ റെയിൽവേയുടെ വികസനത്തിനു സഹകരിക്കാൻ മുന്നോട്ടു വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റെയിൽവേയുടെ തന്നെ വികസന പദ്ധതികൾ പ്രകാരം അടുത്ത 3 വർഷത്തിൽ 8 മുതൽ 19 കി.മീറ്റർ വരെ പ്രതിദിനം പുതിയ റെയിൽവേ ലൈനുകൾ ഉണ്ടാകുമെന്നും ഇതു സ്വകാര്യ കമ്പനികളുടെയും വിദേശ കമ്പനികളുടെയും സഹകരണത്തോടെ ആകുമ്പോൾ വികസനം പല മടങ്ങായിരിക്കുമെന്നും റെയിൽവേ രംഗത്ത് ഉണ്ടാകുന്ന വികസനം ഇന്ത്യൻ സാമ്പത്തിക രംഗത്തു വൻ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ റെയിൽവേ ഡബിൾ എൻട്രി സിസ്റ്റം ഓഫ് അക്കൗണ്ടിങ്ങിലേക്ക് മാറുമെന്നും ഇതിനായി ഇതുവരെ ഐ സി എ ഐ ചെയ്ത സേവനങ്ങളെ നന്ദിപൂർവം സ്മരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യൻ സാമ്പത്തിക രംഗത്ത് കഴിഞ്ഞ 2 വർഷത്തേക്കാൾ വലിയ വികസനകുതിപ്പായിരിക്കും ഈ വർഷം ഉണ്ടാകുകയെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.

കേന്ദ്ര കൃഷി ഭക്ഷ്യോത്പാദന മന്ത്രി സഞ്ജീവ് കുമാർ ബല്യാൺ യോഗത്തിൽ സന്നിഹിതനായിരുന്നു. ഐ സി എ ഐ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ബാബു എബ്രഹാം കള്ളിവയലിൽ അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണേന്ത്യൻ കൗൺസിൽ സെക്രട്ടറി ജോമോൻ കെ ജോർജ്, ഐ സി എ ഐ എറണാകുളം ശാഖ വൈസ് ചെയർമാൻ ലൂക്കോസ് ജോസഫ് എന്നിവർ പ്രസംഗിച്ചു. ഐ സി എ ഐ എറണാകുളം ശാഖ ചെയർമാൻ ടി എൻ സുരേഷ് സ്വാഗതം ആശംസിച്ചു. എറണാകുളം ശാഖ സെക്രട്ടറി പി റ്റി ജോയ് നന്ദി രേഖപ്പെടുത്തി.

ചാർട്ടേഡ് അക്കൗണ്ടന്റുമാരായ സത്യനാരായണൻ വി, ഡുങ്കർ ചന്ദ് ജയിൻ എന്നിവർ നിക്ഷേപക ബോധവത്കരണത്തെ കുറിച്ചു ക്ലാസുകൾ നയിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റുമാരും പൊതുജനങ്ങളും ഉൾപ്പെടെ 300 ഓളം പേർ ഈ പൊതുപരിപാടിയിൽ പങ്കെടുത്തതായി എറണാകുളം ശാഖ ചെയർമാൻ ടി എൻ സുരേഷ് അറിയിച്ചു.