ലുലു ഗ്രൂപ്പ് ഇന്തോനേഷ്യയിൽ ഹൈപ്പർമാർക്കറ്റ് തുറന്നു

Posted on: May 31, 2016

Lulu-jakarta-jokovi-inside-

ജക്കാർത്ത : ലുലു ഗ്രൂപ്പ് ഇന്തോനേഷ്യയിലെ ആദ്യത്തെ ഹൈപ്പർമാർക്കറ്റ് ജക്കാർത്തയിൽ തുറന്നു. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോകോവി വിഡോഡോ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലുലുവിന്റെ സാന്നിധ്യം ഇന്തോനേഷ്യയിലെ റീട്ടെയ്ൽ രംഗത്ത് പുത്തനുണർവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് ജോക്കിവി പറഞ്ഞു.

ആദ്യഘട്ടത്തിൽ 300 ദശലക്ഷം ഡോളർ നിക്ഷേപമാണ് ഇന്തോനേഷ്യയിൽ നടത്തുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗ്രൂപ്പിന്റെ നിക്ഷേപം 500 ദശലക്ഷം ഡോളറാകും. 2017 അവസാനത്തോടെ ഇന്തോനേഷ്യയിലെ വിവിധ നഗരങ്ങളിൽ 15 ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കാനാണ് ലുലു പദ്ധതിയിടുന്നത്. ഇതിലൂടെ 5000 തൊഴിലവസരങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. കൂടുതൽ മലയാളികൾക്ക് ഇന്തോനേഷ്യയിൽ തൊഴിൽ നൽകാൻ സാധിക്കുമെന്നും യൂസഫലി പറഞ്ഞു. കേന്ദ്രീകൃത ലോജിസ്റ്റിക്‌സ്-വെയർഹൗസിംഗ് സൗകര്യങ്ങളും ജക്കാർത്തയിൽ സജ്ജമാക്കുന്നുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.

ജക്കാർത്ത ഗവർണർ ബാസുകി പൂർണാമ, ഇന്തോനേഷ്യൻ വ്യാപാര മന്ത്രി തോമസ്ലെം ബോഗ്, ഇന്തോനേഷ്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അബ്ദുള്ള അൽ അവാധി, യുഎഇയിലെ ഇന്തോനേഷ്യൻ സ്ഥാനപതി ഹുസിൻ ബാഗിസ്, ഇന്ത്യൻ എംബസിയിലെ ചാർജ്ജ് ഡി അഫയേഴ്‌സ് മനീഷ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

ലുലു ഗ്രൂപ്പിന്റെ 126 മത് ഹൈപ്പർമാർക്കറ്റാണ് കിഴക്കൻ ജക്കാർത്തയിലെ കാക്കുംഗിൽ ആരംഭിച്ചിട്ടുള്ളത്. രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് ലുലു ഹൈപ്പർമാർക്കറ്റ് സജ്ജീകരിച്ചിട്ടുള്ളത്.