ഉഷാ ഇന്റർനാഷണലിന് 30 ശതമാനം വളർച്ച ലക്ഷ്യം

Posted on: May 20, 2016

Usha-International-Logo-Big

കൊച്ചി : ഉഷാ ഇന്റർനാഷണൽ വിപണന ശൃംഖല ശക്തിപ്പെടുത്തുന്നു. നടപ്പ് വർഷം റീട്ടെയ്ൽ ബിസിനസിൽ 30 ശതമാനം വർധനവാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഉഷാ ഇന്റർനാഷണൽ വൈസ് പ്രസിഡന്റും റീട്ടെയ്ൽ ബിസിനസ് തലവനുമായ കപിൽ കോഹ്‌ലി പറഞ്ഞു.

കമ്പനി പുതിയ ഔട്‌ലെറ്റുകൾ തുറക്കും. കൂടാതെ ഇ-കൊമേഴ്‌സ് സൈറ്റുകളെ വിപണനത്തിനായി ഉപയോഗപ്പെടുത്തും. ഓരോ പ്രദേശത്തേയും പ്രധാന റീട്ടെയ്ൽ സ്റ്റോറുകളുമായി ധാരണയുണ്ടാക്കും. ഹൈദരാബാദിലെ റീട്ടെയ്ൽ ശൃംഖലയായ ബജാജ് ഇലക്‌ട്രോണിക്‌സുമായി ഇത്തരമൊരു ധാരണയുണ്ട്.
ഷോറൂമുകളിൽ ഉഷ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നത് കൂടുതൽ ആകർഷകമാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു.

അറുപതിലധികം ഉഷ ഷോറൂമുകൾ മോടിപിടിപ്പിച്ച് ഉപയോക്താക്കളെ കൂടുതലായി ആകർഷിക്കാൻ ശ്രമം നടത്തിവരികയാണ്. 2017 മാർച്ചിന് മുൻപായി 50 പുതിയ ഉഷാ ജോയ് സ്റ്റോറുകൾ കൂടി ആരംഭിക്കും. ഫ്രാഞ്ചൈസികളാണ് ഈ ഷോറൂമുകൾ നടത്തുക. കൂടാതെ ഗ്രാമങ്ങളിൽ വിപണനം ശക്തിപ്പെടുത്താനായി 17500-ലേറെ വരുന്ന റീട്ടെയ്‌ലർമാരുടേയും ഡീലർമാരുടേയും സേവനം ഉപയോഗപ്പെടുത്തുകയും ചെയ്യുമെന്നും കപിൽ കോഹ്‌ലി വ്യക്തമാക്കി.