സ്‌പൈസസ് ബോർഡിന്റെ സുഗന്ധവ്യഞ്ജന മ്യൂസിയം കൊച്ചിയിൽ

Posted on: May 11, 2016

Spices-Board-office-Big

കൊച്ചി : സ്‌പൈസസ് ബോർഡിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സുഗന്ധവ്യഞ്ജന മ്യൂസിയത്തിന് കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിൽ വ്യാഴാഴ്ച തറക്കല്ലിടും. വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചുള്ള സമഗ്രമായ അറിവ് പകരുകയാണ് ലക്ഷ്യം. സുഗന്ധവ്യഞ്ജനങ്ങളുടെ ചരിത്രം, ഉപയോഗം, സംഭരണം, ഗുണമേന്മ കണക്കാക്കൽ എന്നിവയ്ക്ക് പുറമെ വ്യവസായം, കൃഷി, സംസ്‌കരണം തുടങ്ങി സഗന്ധവ്യഞ്ജന മേഖലയുടെ സമഗ്ര ചിത്രമാണ് മ്യൂസിയത്തിൽ ഒരുക്കുന്നത്.

സ്‌പൈസസസ് ബോർഡിന്റെ അഞ്ചാമത്തെ പ്രത്യേക വിൽപന ശാലയും മ്യൂസിയത്തിനൊപ്പം തുടങ്ങും. മ്യൂസിയത്തിനു വേണ്ടി 15 സെന്റ് ഭൂമി 30 വർഷത്തേക്കാണ് കൊച്ചിൻ പോർട്ട് ട്രസ്റ്റ് പാട്ടത്തിന് നൽകിയിട്ടുള്ളത്.

വ്യാഴാഴ്ച രാവിലെ 11.30 ന് കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിൽ നടക്കുന്ന ചടങ്ങിൽ സ്‌പൈസസ് ബോർഡ് ചെയർമാൻ ഡോ. എ ജയതിലക് ശിലാസ്ഥാപനം നിർവഹിക്കും. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ പോൾ ആന്റണി ചടങ്ങിൽ സന്നിഹിതനായിരിക്കും