പോൾ തോമസിന് ധനം മാർക്കറ്റിംഗ് മാൻ ഓഫ് ദി ഇയർ പുരസ്‌കാരം

Posted on: April 18, 2016

Paul-Thomas-ESAF-Big

കൊച്ചി : ധനം ബിസിനസ് മാഗസിൻ സമ്മാനിക്കുന്ന മാർക്കറ്റിംഗ് & ബ്രാൻഡിംഗ് എക്‌സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. ധനം മാർക്കറ്റിംഗ് മാൻ ഓഫ് ദി ഇയർ പുരസ്‌കാരം ഇസാഫ് ചെയർമാൻ കെ.പോൾ തോമസിനെ തെരഞ്ഞെടുത്തു

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ആണ് ബ്രാൻഡ് ഓഫ് ദി ഇയർ 2015. ഡോ. ആസാദ് മൂപ്പൻ നേതൃത്വം നൽകുന്ന ആസ്റ്റർ മെഡ്‌സിറ്റിയാണ് എൻആർകെ ബ്രാൻഡ് ഓഫ് ദി ഇയർ 2015. കിച്ചൺ ട്രെഷേഴ്‌സാണ് എമർജിംഗ് ബ്രാൻഡ് ഓഫ് ദി ഇയർ 2015.

ഏപ്രിൽ 23 ന് കൊച്ചി ലെ മെറിഡിയനിൽ നടക്കുന്ന ധനം മാർക്കറ്റിംഗ് & ബ്രാൻഡ് സമിറ്റ് 2016 ൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ഇന്റർബ്രാൻഡിന്റെ മാനേജിംഗ് ഡയറക്ടർ ആഷിഷ് മിശ്ര ആമുഖ പ്രഭാഷണം നടത്തും. മേക്ക് ഇൻ ഇന്ത്യ, ഇൻക്രെഡിബിൾ ഇന്ത്യ തുടങ്ങിയ ശ്രദ്ധേയ കാംപെയ്‌നുകൾക്ക് പിന്നിലെ ബുദ്ധികേന്ദ്രവും മലയാളിയുമായ വി. സുനിൽ മുഖ്യപ്രഭാഷണം നിർവഹിക്കും.

ഡിജിറ്റൽ മാർക്കറ്റിംഗിലെയും മാർക്കറ്റിംഗ് മേഖലയിലെയും നൂതന പ്രവണതകളെ കുറിച്ചുള്ള പാനൽ ചർച്ച ഹിന്ദുസ്ഥാൻ ലൈഫ് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം അയ്യപ്പൻ നയിക്കും. യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യ ലിമിറ്റഡിന്റെ കൺട്രി ഹെഡും മാനേജിംഗ് ഡയറക്ടറുമായ ജോർജ് വി. ആന്റണി, പ്രശസ്ത മാനേജ്‌മെന്റ് പരിശീലകൻ സന്തോഷ് നായർ, അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ വി. സുനിൽകുമാർ, പ്രമുഖ മാനേജ്‌മെന്റ് പ്രാസംഗികനും ഗ്രന്ഥകാരനുമായ പോൾ റോബിൻസൺ എന്നിവർ പാനൽ ചർച്ചയിൽ സംബന്ധിക്കും. ധനം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ‘ഹോട്ട് ബ്രാൻഡ്‌സ് ഓഫ് കേരള’ എന്ന പുസ്തകത്തിന്റെ പ്രകാശനം സംഗമവേദിയിൽ നടക്കും.

ഐ.ഐ.എം അഹമ്മദാബാദ് പ്രഫസറും ഫെഡറൽ ബാങ്ക് മുൻ ചെയർമാനുമായ എബ്രഹാം കോശി (ജൂറി ചെയർമാൻ) ഹിന്ദുസ്ഥാൻ ലൈഫ് കെയർ സിഎംഡി ഡോ. എം. അയ്യപ്പൻ, ജിയോജിത് ബിഎൻപി പാരിബ മാനേജിംഗ് ഡയറക്ടർ സി. ജെ ജോർജ്, സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ഡോ. വി. എ ജോസഫ്, രാജ്യാന്തര മാനേജ്‌മെന്റ് പരിശീലകൻ സന്തോഷ് നായർ, പ്രമുഖ ഗ്രന്ഥകാരനും ബിസിനസ് മെന്ററുമായ പോൾ റോബിൻസൺ എന്നിവരായിരുന്നു അവാർഡ് നിർണയ സമിതിയിലെ അംഗങ്ങൾ.