പ്രോജക്ട് മാനേജ്‌മെന്റ് റീജണൽ കോൺഫറൻസ്

Posted on: February 14, 2016

PMI-Regional-Conference-201

കൊച്ചി : പ്രോജക്ട് മാനേജ്‌മെന്റ് പ്രഫഷണലുകളുടെ സംഘടനയായ പ്രോജക്ട് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (പിഎംഐ) റീജണൽ കോൺഫറൻസ് -2016 കൊച്ചിയിൽ സിയാൽ മാനേജിംഗ് ഡയറക്ടർ വി ജെ കുര്യൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നേവിയിലെ കമഡോർ ജി. പ്രകാശ് മുഖ്യാതിഥിയായിരുന്നു. പിഎംഐ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജ് കാലടി, ചെന്നൈ ചാപ്റ്റർ പ്രസിഡന്റ് പി. രാമസുബ്രഹ്മണ്യം എന്നിവർ പ്രസംഗിച്ചു.

ടെറുമോ പെൻപോൾ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സി പദ്മകുമാർ, ജിഇ ഇന്ത്യ സിഐഒ അന്തോണി തോമസ്, ഫോസ്റ്റർ വീല എക്‌സിക്യൂട്ടീവ് ഡയറക്ടർ വി ടി ചന്ദ്രശേഖർ റാവു, കോഴിക്കോട് ജില്ലാ കളക്ടർ എൻ പ്രശാന്ത് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി. പിഎംഐ തിരുവനന്തുപരം ചാപ്റ്റർ പ്രസിഡന്റ് ഡോ. ബി ടി വിക്രം കുമാർ സ്വാഗതം പറഞ്ഞു. ലോകത്തിലാദ്യമായി ഒരു എയർപോർട്ടിൽ സമ്പൂർണ സൗരോർജ പദ്ധതി നടപ്പിലാക്കിയതിന് സിയാലിനെ കോൺഫറൻസ് അഭിനന്ദിച്ചു.

ഇന്നോവേറ്റിംഗ് പ്രോജക്ട് മാനേജ്‌മെന്റ് ഫോർ ഹയർ ഇംപാക്ട് എന്നതായിരുന്നു ഏകദിന കോൺഫറൻസിന്റെ വിഷയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുന്നൂറിലധികം പ്രോജക്ട് മാനേജ്‌മെന്റ് പ്രഫഷണലുകൾ കോൺഫറൻസിൽ പങ്കെടുത്തു. തിരുവനന്തപുരം കേരള, ചെന്നൈ ചാപ്റ്ററുകൾ സംയുക്തമായാണ് റീജണൽ കോൺഫറൻസ് സംഘടിപ്പിച്ചത്.