ആസ്റ്റർ ഐ പ്ലെഡ്ജിന് തുടക്കമായി

Posted on: February 7, 2016

Aster-Saferoads-Big-b

ദുബായ് : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഗ്രൂപ്പ് സാമൂഹ്യ പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി ഐ പ്ലെഡ്ജിന് ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും തുടക്കമായി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനും ചേർന്ന് ഐ പ്ലെഡ്ജിന്റെ ഔദ്യോഗികമായി തുടക്കം കുറിച്ചു. ഇന്ദിരാഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ സന്നിഹിതരായിരുന്ന പതിനായിരകണക്കിന് കുട്ടികൾക്ക് സച്ചിൻ ടെൻഡുൽക്കറും ഡോ. മൂപ്പനും ചേർന്ന് ഐ പ്ലെഡ്ജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

റോഡ് സുരക്ഷ പ്രതിജ്ഞ എടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ മുതിർന്നവരെ സ്വാധീനിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലെയും വിവിധ സ്‌കൂളുകളിൽ റോഡ് ഷോകൾ നടത്തി സുരക്ഷാ അവബോധം വർധിപ്പിക്കും. റോഡ്‌ഷോകളിൽ ആരാധകർക്ക് ഫോട്ടോകളും സെൽഫികളും എടുക്കാൻ സച്ചിൻ ടെൻഡുൽക്കറുടെ കൂറ്റൻ കട്ട് ഔട്ട് സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലുമുള്ളവർക്ക് സുരക്ഷാ പ്രതിജ്ഞ ചൊല്ലി അത് ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ പ്രൊഫൈലുകളിൽ ഐ പ്ലെഡ്ജ് എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് പോസ്റ്റ് ചെയ്യാം.