ഇൻഫോപാർക്കിൽ സൻസ്‌കാര സ്‌കൂൾ

Posted on: January 24, 2016

Muthoot-Sanskara-School-Big

കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കാക്കനാട് ഇൻഫോപാർക്കിൽ ആരംഭിക്കുന്ന സൻസ്‌കാര സ്‌കൂൾ ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു. ഇൻഫോപാർക്കിലെ 5.26 ഏക്കർ സ്ഥലത്ത് നിർമ്മിക്കുന്ന സൻസ്‌കാര സ്‌കൂളിൽ കിന്റർഗാർട്ടൻ മുതൽ പന്ത്രണ്ടാം ക്ലാസ് വരെ 3500 കുട്ടികൾക്ക് പ്രവേശനം ലഭിക്കും. എല്ലാവിധ ആധുനിക സംവിധാനങ്ങളും സജ്ജീകരണങ്ങളും വിദ്യാർഥികൾക്കായി ഒരുക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയിൽ 5 പതിറ്റാണ്ടിലേറെ പരിചയമുള്ള മുത്തൂറ്റ് ഗ്രൂപ്പ് രാജ്യത്ത് വിവിധ ഭാഗങ്ങളിൽ 4 വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തി വരുന്നു. പതിനായിരത്തിലേറെ വിദ്യാർഥികളാണ് ഇവിടെ ഇതിനോടകം പഠനം പൂർത്തിയാക്കിയിട്ടുള്ളത്.

സി ബി എസ് ഇ സിലബസ് പ്രകാരം നടത്തുന്ന സൻസ്‌കാര 4 ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രവർത്തനം. പ്ലേ ഗ്രൂപ്പ് മുതൽ അപ്പർ കെ ജി വരെ പ്രീ സ്‌കൂൾ, ഒന്ന് മുതൽ 4 വരെ ക്ലാസുകൾക്കായി പ്രൈമറി സ്‌കൂൾ, 5 മുതൽ 8 വരെ മിഡിൽ സ്‌കൂൾ, 9 മുതൽ 12 വരെയുള്ള ക്ലാസുകൾക്കായി ഹൈസ്‌കൂൾ എന്നിങ്ങനെയാണ് തിരിച്ചിട്ടുള്ളത്. മൾട്ടിപ്പിൾ ഇന്റലിജൻസ് എന്ന ആശയത്തിലൂന്നിയായിരിക്കും സ്‌കൂളിന്റെ പ്രവർത്തനം.

35 സീറ്റുകളുള്ള ക്ലാസ് റൂമുകളിൽ കുറഞ്ഞ അധ്യാപക, വിദ്യാർഥി അനുപാതം ആയതിനാൽ വ്യക്തിഗത ശ്രദ്ധയും കുട്ടികൾക്ക് ലഭിക്കും. വിഷ്വൽ ആർട്ട് സ്റ്റുഡിയോ, പെർഫോമിംഗ് ആർട്‌സ് സ്റ്റുഡിയോ, സ്‌പോർട്‌സ് ഏരിയ, ശാസ്ത്ര, ഗണിതശാസ്ത്ര, ഭാഷാ ലാബുകൾ എന്നീ സൗകര്യങ്ങളും ലഭിക്കും.