റബർ ഇറക്കുമതി ഉപേക്ഷിക്കണമെന്ന് ഉപാസി

Posted on: January 22, 2016

DHARMARAJ-N.--UPASI-Big

കൊച്ചി: പത്തു ലക്ഷത്തോളം വരുന്ന റബർ കർഷകരെയും അവരുടെ കുടുംബങ്ങളെയും രക്ഷിക്കാനായി സ്വാഭാവിക റബറിന്റെ എല്ലാത്തരം ഇറക്കുമതിയും നിരോധിക്കണമെന്ന് ദക്ഷിണേന്ത്യയിലെ തോട്ടമുടമകളുടെ സംഘടനയായ ഉപാസി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ആഭ്യന്തര വില ഉത്പാദനച്ചെലവിനൊപ്പമെത്തുന്നതുവരെ നിരോധനം തുടരണമെന്നും ഉപാസി പ്രസിഡന്റ് എൻ. ധർമരാജ് അഭ്യർഥിച്ചു.

ഏറ്റവും ഗുണനിലവാരമുള്ള ആർഎസ്എസ്-4 റബറിനുപോലും വില കിലോയ്ക്ക് 98 രൂപയിലെത്തിയതോടെ റബർ കർഷകർ കടുത്ത ദുരിതത്തിലാണ്. ഇവരിൽ നല്ല പങ്ക് കേരളത്തിലാണ്. ഉത്പാദനച്ചെലവിനെക്കാൾ കുറവാണ് ഈ വിലയെന്ന് ധർമരാജ് പറഞ്ഞു ടാപ്പിംഗ് നിർത്തിവയ്ക്കാനും കൃഷി ഉപേക്ഷിക്കാനും കർഷകർ നിർബന്ധിതരാവുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപാസിക്ക് അങ്ങേയറ്റത്തെ ഉത്കണ്ഠയാണ് ഇക്കാര്യത്തിലുള്ളത്.

റബർ ബോർഡിന്റെ കണക്കുകൾ തന്നെ ആശങ്കയുളവാക്കുന്നതാണ്. 2015 ഏപ്രിൽ 15 മുതൽ ഡിസംബർ 15 വരെയുള്ള കാലയളവിൽ രാജ്യത്തെ റബറുത്പാദനം 4.28 ലക്ഷം ടണ്ണായിരുന്നെങ്കിൽ തലേവർഷം ഇക്കാലത്ത് ഉല്പാദനം 5.10 ലക്ഷം ടണ്ണായിരുന്നു. അതേസമയം 2015ലെ ഈ കാലയളവിൽ ഇറക്കുമതി 3.27 ലക്ഷം ടണ്ണായി വർധിക്കുകയും ചെയ്തു. ഇത് സ്വാഭാവിക റബർ ഉത്പാദനത്തിന്റെ 76 ശതമാനത്തോളവും ഉപഭോഗത്തിന്റെ 44 ശതമാനവും വരുമെന്ന് ധർമരാജ് പറഞ്ഞു. പ്രധാനമായും കേരളത്തിലേതടക്കമുള്ള പത്തു ലക്ഷം റബർ കർഷകരുടെ ജീവിതത്തെ ബാധിക്കുന്ന വിലയിടിവിനുള്ള പ്രധാന കാരണം നിയന്ത്രണമില്ലാത്ത ഈ ഇറക്കുമതിയാണ്.

ഈ മാർച്ച് മുതൽ ഇറക്കുമതി റബർ എത്തുന്ന തുറമുഖങ്ങളുടെ എണ്ണം പരിമിതപ്പെടുത്താനും ചുങ്കമില്ലാതെ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കാനുമുള്ള സർക്കാർ തീരുമാനങ്ങളെ ഉപാസി സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഈ തുറമുഖങ്ങൾ കൊൽക്കത്തയും വിശാഖപട്ടണവുമായി നിശ്ചയിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെന്നൈ, മുംബൈ എന്നീ തുറമുഖങ്ങളെയാണ് ഇപ്പോൾ ഇറക്കുമതിക്കായി നിശ്ചയിച്ചിരിക്കുന്നത്.

ഗുണനിലവാരമില്ലാത്ത റബർ ഇറക്കുമതി ചെയ്യുന്നത് തടയുകയും ഇങ്ങനെ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുകയും ചെയ്യേണ്ടതാണ്. ചുങ്കമില്ലാത്ത ഇറക്കുമതി മൊത്തം ഇറക്കുമതിയുടെ 15 മുതൽ 20 ശതമാനം വരെ മാത്രമാണെന്ന് ഉപാസി പ്രസിഡന്റ് പറഞ്ഞു.