സ്റ്റാർട്ടപ് വില്ലേജ് അഖിലേന്ത്യാ തലത്തിലേക്ക്

Posted on: December 29, 2015

Sanjay-Vijayakumar-Big

കൊച്ചി : ആദ്യഘട്ടത്തിൽ നിശ്ചയിക്കപ്പെട്ട ലക്ഷ്യങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കി കൊച്ചി സ്റ്റാർട്ടപ് വില്ലേജ് അടുത്ത ഘട്ടത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. പ്രധാനമന്ത്രി പ്രഖ്യാപിച്ച സ്റ്റാർട്ടപ് ഇന്ത്യ പദ്ധതിയുമായി സഹകരിച്ച് 2020 ആകുമ്പോഴേക്കും രാജ്യവ്യാപകമായി പതിനായിരം കാമ്പസ് സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുകയും സ്റ്റാർട്ടപ്പുകളുടെ ഇൻകുബേഷൻ പ്രക്രിയ പൂർണമായും ഡിജിറ്റൽവത്കരിക്കുകയും ചെയ്യുകയാണ് അടുത്ത ലക്ഷ്യം.

ആദ്യഘട്ടത്തിൽ (2011-15) കേരളത്തിൽ സംരംഭക അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ വിജയിച്ച സാഹചര്യത്തിലാണ് അടുത്ത അഞ്ചു വർഷം കൊണ്ട് പ്രവർത്തന രാജ്യവ്യാപകമാക്കാൻ ലക്ഷ്യമിടുന്നതെന്ന് സ്റ്റാർട്ടപ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ പറഞ്ഞു. സ്റ്റാർട്ടപ്പുകളുടെ പ്രാരംഭ വളർച്ചയെ ഡിജിറ്റൽവത്കരിക്കാനും പുതിയ ബിസിനസ് മാതൃക സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ആദ്യ പൊതു-സ്വകാര്യ ടെക്‌നോളജി ബിസിനസ് ഇൻകുബേറ്ററായ സ്റ്റാർട്ടപ് വില്ലേജ് അതിന്റെ ആദ്യഘട്ടത്തിലെ വിജയകരമായ പ്രവർത്തനത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് കേന്ദ്ര ശാസ്ത്ര, സാങ്കേതിക വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ഈ പദ്ധതിയുമായി സഹകരിക്കാൻ തീരുമാനിച്ചിട്ടുള്ള വില്ലേജ് പ്രശസ്തമായ അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകനായ പ്രഫ. രാകേഷ് ബസന്തിന്റെ ഓഡിറ്റ് റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്താണ് രണ്ടാംഘട്ട വികസനപദ്ധതി തയാറാക്കിയിട്ടുള്ളത്.

കേരളത്തിൽ സംരംഭക സംസ്‌കാരത്തിന് ആക്കം വർദ്ധിപ്പിക്കുകയും സംരംഭക അന്തരീക്ഷം കെട്ടിപ്പടുക്കുകയും ചെയ്ത സ്റ്റാർട്ടപ് വില്ലേജ് ഇനി ചെയ്യേണ്ടത് ഈ വേഗം നിലനിർത്തി കൂടുതൽ ശക്തി പ്രാപിക്കുകയും സാമ്പത്തിക സ്വയംപര്യാപ്ത നേടുകയുമാണെന്ന് പ്രഫ. രാകേഷ് ബസന്തിന്റെ റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്.

ഇതിനായി സ്റ്റാർട്ടപ്പുകൾക്ക് വേണ്ട പിന്തുണ നൽകുകയും പ്രാരംഭ വളർച്ചയ്ക്കാവശ്യമായ നടപടികൾ ശക്തിപ്പെടുത്തുകയുമാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടതെന്ന് ഇൻഫോസിസ് സഹസ്ഥാപകനും സ്റ്റാർട്ടപ് വില്ലേജ് മെന്ററുമായ ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു. ഇത്തരമൊരു സംരംഭത്തിന് രൂപം നൽകുകയും സംസ്ഥാനത്ത് സംരംഭക അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേരള സർക്കാരിനെ രണ്ടാംഘട്ടത്തിലേക്ക് കടക്കുന്ന ഈ വേളയിൽ താൻ അഭിനന്ദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സ്റ്റാർട്ടപ് സംസ്‌കാരം രാജ്യമാകെ വ്യാപിപ്പിച്ച് സ്‌കൂളുകളിൽനിന്നും കോളജുകളിൽനിന്നും സ്റ്റാർട്ടപ്പുകളെ വാർത്തെടുക്കാനുള്ള ബൃഹത്തായ പരിശ്രമത്തിനുള്ള തയാറെടുപ്പിലാണ് തങ്ങളെന്ന് ഇന്ത്യയിലെ ആദ്യ ക്യാമ്പസ് സ്റ്റാർട്ടപ്പുകളിലൊന്നായ മോബ്മി വയർലെസ് സ്ഥാപിച്ച സഞ്ജയ് വിജയകുമാർ പറഞ്ഞു. ഈ വർഷത്തെ ഏറ്റവും മികച്ച ടെക്‌നോളജി ബിസിനസ് ഇൻകുബേറ്ററായി കേന്ദ്ര സർക്കാർ അംഗീകരിച്ച സ്റ്റാർട്ടപ് വില്ലേജ് ഇതിനോടകം പാഠ്യപദ്ധതിവികസനത്തിനായി രാജ്യത്തെ അഞ്ച് സർവകലാശാലകളുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഗുജറാത്ത് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി, ഗുജറാത്ത് ലോ സൊസൈറ്റി, അനന്തപ്പൂരിലെയും കാക്കിനഡയിലെയും ജവഹർലാൽ നെഹ്‌റു ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റികൾ, കേരളത്തിലെ അബ്ദുൽ കലാം ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി എന്നിവയാണിവ.

സ്റ്റാർട്ടപ് വില്ലേജിന്റെ രണ്ടാംഘട്ടത്തിൽ ഡിജിറ്റൽ പഠന സംവിധാനമൊരുക്കുന്നതിനായി മോബ്മി നാലു കോടി രൂപ നിക്ഷേപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി എസ്‌വി.കോ (www.sv.co) എന്ന ഓൺലൈൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ ബീറ്റാ പതിപ്പിന് രൂപം നൽകി. സ്റ്റാർട്ടപ്പുകൾക്കുവേണ്ട ഓൺലൈൻ കോഴ്‌സുകളാണ് പ്രധാനമായും ഇതിലൂടെ ലഭിക്കുക. പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളിലും സ്റ്റാർട്ടപ്പുകളിലുമുള്ള പരിചയസമ്പന്നരെ അധ്യാപകരായി ഇതിലൂടെ അവതരിപ്പിക്കാനും അമേരിക്കയിലെ സിലിക്കൺവാലി അടക്കമുള്ള സ്ഥലങ്ങളിൽനിന്നുള്ളവരെ ഉപദേശകരായി കൊണ്ടുവരാനുള്ള മെന്റർ കോൺടാക്ട് സൃഷ്ടിക്കാനും ഇതിലൂടെ കഴിയുമെന്ന് സഞ്ജയ് ചൂണ്ടിക്കാട്ടി.