ടൂറിസത്തെ ഹർത്താലിൽ നിന്നൊഴിവാക്കണമെന്ന് കെ ടി എം

Posted on: December 16, 2015

Kerala-Travel-Mart-Logo-Big

കൊച്ചി : വിനോദ സഞ്ചാര വ്യവസായത്തെ ഹർത്താലിൽ നിന്നൊഴിവാക്കണമെന്നും ഹർത്താലുകൾ മൂലമുണ്ടാകുന്ന നാശനഷ്ട്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കാൻ ഹർത്താൽ നിയന്ത്രണ ബില്ലിൽ വ്യവസ്ഥ ചെയ്യണമെന്നും കേരള ട്രാവൽ മാർട്ട് (കെ ടി എം) സൊസൈറ്റി ഭാരവാഹികൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ടാവശ്യപ്പെട്ടു. കെ ടി എം പ്രസിഡന്റ് എബ്രഹാം ജോർജ്, മുൻ പ്രസിഡന്റ് ഇ.എം. നജീബ്, എം.ആർ. നാരായൺ, രവിശങ്കർ എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ എന്നിവരെയും സംഘം നേരിൽ കണ്ടു.

ഹർത്താലുകൾ മൂലം ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, റിസോർട്ടുകൾ, ടൂർ, ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർമാർ, ഹൗസ്‌ബോട്ട് എന്നിവ കടുത്ത പ്രതിസന്ധിയിലാണ്. കൊച്ചി, മൂന്നാർ, തേക്കടി, ആലപ്പുഴ, കോവളം, വയനാട് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലായി പ്രതിദിനം 80,000 വിനോദ സഞ്ചാരികളാണ് എത്തുന്നത്. ഇവരിൽ ഭൂരിഭാഗവും ഒറ്റത്തവണ യാത്രയ്ക്കായി വരുന്നവരും ഏറെ മുൻകൂട്ടി യാത്ര പ്ലാൻ ചെയ്യുന്നവരുമാണ്. പെട്ടെന്നുണ്ടാവുന്ന ഹർത്താലുകൾ ഇവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും കേരളത്തെ കുറിച്ച് മോശം അഭിപ്രായം പ്രകടിപ്പിക്കാൻ ഇടയാക്കുമെന്നും കെ ടി എം ഭാരവാഹികൾ ചൂണ്ടിക്കാട്ടി.