ഇന്ത്യ റബർ മീറ്റ് 2016 മാർച്ച് 10 മുതൽ ഗോവയിൽ

Posted on: December 16, 2015

India-Rubber-Meet-2016-Logo

കോട്ടയം : റബർബോർഡും റബർമേഖലയിലെ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യ റബർ മീറ്റ് 2016 (ഐആർഎം 2016) മാർച്ച് 10, 11 തീയതികളിൽ ഗോവയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടക്കും. റബർമേഖല: ഇനി എന്ത് ? എന്നതായിരിക്കും ഐആർഎം 2016 ന്റെ വിഷയം.

റബർരംഗത്തെ ആധുനികപ്രവണതകൾ, പുതിയ മാനങ്ങൾ തുടങ്ങിയവ സമ്മേളനത്തിൽ ചർച്ചയാകും. റബർമേഖല നേരിടുന്ന വെല്ലുവിളികൾ തരണം ചെയ്യുന്നതിനുള്ള തന്ത്രങ്ങൾ കൂട്ടായി ആവിഷ്‌കരിക്കും. സാമ്പത്തിക, വാണിജ്യ, സാങ്കേതിക, നിയമവിഷയങ്ങളെ അധികരിച്ചു രാജ്യാന്തരതലത്തിൽ അറിയപ്പെടുന്ന വിദഗ്ധർ പ്രസംഗിക്കും. വിവിധവിഷയങ്ങളെ ആസ്പദമാക്കി വിദഗ്ധർ നയിക്കുന്ന പാനൽചർച്ചകളും ഉണ്ടായിരിക്കും.

റബർബോർഡ് ചെയർമാൻ ഡോ. എ. ജയതിലക് ചെയർമാനായി ദേശീയതലത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഓർഗനൈസിംഗ് കമ്മിറ്റിയാണ് ഐആർഎം 2016 ന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ചെറുകിട, വൻകിട കർഷകപ്രതിനിധികൾ; റബർസംസ്‌കരണ മേഖലയുടെയും വ്യാപാരമേഖലയുടെയും പ്രതിനിധികൾ; ടയർ, ടയറിതര മേഖലകളുടെ പ്രതിനിധികൾ; ഓട്ടോ കംപോണന്റ് നിർമാതാക്കൾ; കയറ്റുമതിരംഗത്തുള്ളവർ; ഗവേഷണ, നൈപുണ്യവികസനസ്ഥാപന ങ്ങളിൽ നിന്നുള്ളവർ; റബറുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ രംഗത്തുള്ളവർ തുടങ്ങിയവരെല്ലാം കമ്മിറ്റിയിൽ അംഗങ്ങളാണ്.