വാർട്ട്‌സിലയുടെ എൽഎൻജി പവർ പ്ലാന്റ് കൊച്ചിയിൽ

Posted on: December 8, 2015

Wartsila-34SG-genset-Big

കൊച്ചി : എൽഎൻജി ഇന്ധനമായി ഉപയോഗിക്കുന്ന 40 മെഗാവാട്ട് സ്മാർട്ട് പവർ ജനറേഷൻ പ്ലാന്റ് കെഎസ്ഇബിയ്ക്ക് വാർട്ട്‌സില ടേൺ കീ അടിസ്ഥാനത്തിൽ നൽകും. കൊച്ചിക്ക് സമീപം ബ്രഹ്മപുരത്ത് സ്ഥാപിക്കുന്ന പ്ലാന്റ് 2017 ഏപ്രിലിൽ പ്രവർത്തനസജ്ജമാകും. വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള സമയത്തെ ആവശ്യത്തിനാണിത്.

ക്വിക്ക് സ്റ്റാർട്ട് – സ്റ്റോപ്പ് എന്നിവ സാധ്യമായ ഉയർന്ന സിംപിൾ സൈക്കിൾ പ്രവർത്തനക്ഷമതയുള്ള വാർട്ട്‌സില എൻജിനുകൾ നമ്മുടെ ആവശ്യങ്ങൾക്ക് യോജിച്ചതാണെന്ന് കെ.എസ്.ഇ.ബി. ചീഫ് എൻജിനീയർ സൂസൻ ജേക്കബ് പറഞ്ഞു.

കെഎസ്ഇബി യുടെ ആദ്യ ഗ്യാസ് അധിഷ്ഠിത പവർ പ്ലാന്റാണിത്. ഉപയോഗം കൂടുതലുള്ള സമയങ്ങളിലേക്കു മാത്രമായി ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ആദ്യ ഓർഡറുമാണ്. രാവിലെയും വൈകിട്ടും 4 മുതൽ 5 മണിക്കൂർവരെ പരമാവധി ശേഷിയിൽ പ്ലാന്റ് പ്രവർത്തിക്കും.

ഓയിൽ ഉപയോഗിക്കുന്ന ഇപ്പോഴുള്ള രണ്ട് ജനറേഷൻ യൂണിറ്റുകൾക്ക് പകരമാണ് നാല് വാർട്ട്‌സില 34 എസ്ജി ഗ്യാസ് എൻജിനുകളുടെ പ്ലാന്റ്. ഇതോടെ പ്ലാന്റിൽ നിന്നുള്ള കാർബൺഡയോക്‌സൈഡ് നിർഗമനം 25% കുറയും.