തിരികെയെത്തിയ പ്രവാസികൾക്ക് വായ്പ

Posted on: December 7, 2015

Gulf-Returnees-Big

തിരുവനന്തപുരം : വിദേശത്തുനിന്നും നിതാഖത് ഉൾപ്പെടെ വിവിധ കാരണങ്ങളാൽ തിരികെയെത്തിയ പ്രവാസികൾക്ക് പുനരധിവാസത്തിന്റെ ഭാഗമായി സുസ്ഥിര വരുമാനം ലഭ്യമാക്കുന്നതിന് സ്വയം തൊഴിൽ സംരംഭം ആരംഭിക്കാൻ സഹായം നൽകുന്നതിന് നടപ്പാക്കിയിട്ടുള്ള പദ്ധതിയുടെ തുടർ നടത്തിപ്പിന് നോർക്ക റൂട്ട്‌സ് ബാങ്കുകളുമായി ധാരണാപത്രം ഒപ്പുവച്ചു. കാനറ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയാണ് നോർക്ക റൂട്ട്‌സുമായി സഹകരിക്കുന്നത്.

അപേക്ഷ സമർപ്പിച്ചിട്ടുളളവരിൽ നിന്നും സ്‌ക്രീനിംഗ് നടത്തി തെരഞ്ഞെടുക്കുന്നവർക്ക് നോർക്കയുടെ ശുപാർശ കത്ത് ഡിസംബർ പത്ത് മുതൽ നോർക്ക റൂട്ട്‌സിൽ നിന്നും ബാങ്കുകളിലേയ്ക്ക് അയയ്ക്കും. പുതിയ അപേക്ഷകൾ 2016 ജനുവരി ഒന്നു മുതൽ ഓൺലൈൻ വഴി സ്വീകരിക്കും. പദ്ധതി നടത്തിപ്പിൽ മുൻവർഷം നേരിട്ട ബുദ്ധിമുട്ടുകൾ പരമാവധി ഒഴിവാക്കാൻ പദ്ധതിയുടെ തുടർ നടത്തിപ്പിൽ മാറ്റം വരുത്തിയിട്ടുണ്ട്. നിലവിൽ വായ്പ എടുത്ത 1072 പേർക്കും നോർക്കയിൽ നിന്നും പതിനഞ്ച് ശതമാനം മൂലധന സബ്‌സിഡി ലഭ്യമാക്കിയിട്ടുണ്ട്. ഈ തുകയുടെ പലിശ ഒഴിവാക്കിയാണ് മാസത്തവണ ബാങ്ക് തയ്യാറാക്കുന്നത്. ഇതിന് പുറമേ വായ്പ കൃത്യമായി തിരിച്ചടക്കുന്നവർക്ക് സർക്കാർ നൽകുന്ന മൂന്ന് ശതമാനം പലിശയിളവ് നിലവിൽ വായ്പ എടുത്ത 1072 ഗുണഭോക്താക്കൾക്ക് വായ്പ എടുക്കുന്ന തീയതി മുതൽ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

വായ്പ എടുത്ത ഗുണഭോക്താക്കൾക്ക് വായ്പ കുടിശിക ഇല്ലെങ്കിലോ, കുടിശിക തീർക്കുന്ന മുറയ്‌ക്കോ പലിശ സബ്‌സിഡി തുക ബാങ്ക് മടക്കി നൽകും. പുതുതായി വായ്പ എടുക്കുന്നവരിലും നിലവിലുള്ളവരിലും കൃത്യമായി മാസത്തവണ തിരിച്ചടയ്ക്കുന്നവർക്ക് ത്രൈമാസ പലിശ കണക്കാക്കിയിട്ടുള്ള തുക തിരികെ ലഭ്യമാക്കും.